തന്റേത് കോൺഗ്രസ് കുടുംബം, സി.പി.എം സഹയാത്രികനായിരുന്നെങ്കിലും മെംബർ ആയിരുന്നില്ല -പ്രേംകുമാർ
തിരുവനന്തപുരം: താൻ ഒരു കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നത് സത്യമാണെന്നും സി.പി.എം സഹയാത്രികനായിരുന്നെങ്കിലും ഒരിക്കലും സി.പി.എം മെംബർ ആയിരുന്നില്ലെന്നും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ. കോൺഗ്രസിലേക്ക് പോകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണം.വേറെ ഒരു പാർട്ടിയിലും മെംബർഷിപ്പ് എടുത്തിട്ടില്ല. അച്ഛൻ ഇലക്ട്രിസിറ്റി ബോർഡിൽ ജീവനക്കാരനായിരുന്നു. ഉമ്മൻചാണ്ടി കെ.എസ്.ഇ.ബിയിലെ ഐ.എൻ.ടി.യു.സി യൂനിയന്റെ പ്രസിഡന്റ് ആയിരുന്നപ്പോൾ പ്രധാന ഭാരവാഹിയായിരുന്നു അച്ഛൻ. കുടുംബം മുഴുവൻ കോൺഗ്രസുകാരാണ്. ചെമ്പഴന്തി എസ്.എൻ കോളേജിൽ കെ.എസ്.യുവിന്റെ ആർട്സ് ക്ലബ് ഭാരവാഹിയായി മത്സരിച്ച ആളാണ് ഞാൻ. ഫാസിസത്തിനെതിരെ വിമർശനാത്മക സമീപനമാണ് സ്വീകരിച്ചത്. ഇക്കാലയളവിൽ ദേശാഭിമാനിയിൽ ലേഖനങ്ങൾ അച്ചടിച്ചു വന്നിട്ടുണ്ട്. ഈ പരിഗണനയിലാകാം അക്കാദമി വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കോടിയേരി ആവശ്യപ്പെട്ടത് -അദ്ദേഹം പറഞ്ഞു.സ്ഥാനം തേടി ഒരിക്കലും ഒരിടത്തും പോയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽനിന്ന് പ്രവർത്തിക്കുന്ന ആളല്ല ഞാൻ. എവിടെയായാലും അഭിപ്രായം നിർഭയമായും സ്വതന്ത്രമായും പറയണം എന്നതാണ് നിലപാട്. എങ്ങോട്ടേങ്കിലും പോകാൻ വേണ്ടി നിൽക്കുന്നയാളല്ല. മൂൻ കൂട്ടി തീരുമാനിച്ച് ജീവിതത്തെ സമീപിക്കുന്നയാളുമല്ല. വിചാരിച്ചതും ആഗ്രഹിച്ചതുമല്ല തന്റെ ജീവിതത്തിൽ സംഭവിച്ചത്. ഇതിനെല്ലാം അതീതമായി ഉറച്ച ദൈവവിശ്വാസിയാണന്നും അദ്ദേഹം പറഞ്ഞു.





