ഒരു സ്ഥാനാർഥിക്ക് പരമാവധി 40 ലക്ഷം ചെലവാക്കാം: റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ച് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഒരു സ്ഥാനാർഥികൾക്ക് ചെലവാക്കുന്ന പരമാവധി തുക 40 ലക്ഷമാക്കി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കും മറ്റ് സാമഗ്രികൾക്കും നിഷ്കർഷിക്കുന്ന തുക സംബന്ധിച്ച് റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമാണ് റേറ്റ് ചാർട്ടിന്റെ പകർപ്പ് നോഡൽ ഓഫിസർ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ ആൻഡ് സീനിയർ ഫിനാൻസ് ഓഫിസർ കാര്യലയത്തിൽ പരിശോധനക്ക് ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാർഥികളുടെ ചെലവ് കണക്കാക്കുക. തെരഞ്ഞെടുപ്പ് കാലയളവിൽ വിവാഹ ഹാളുകൾ കമ്യൂണിറ്റി ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളുടെ ഉപയോഗം നിരീക്ഷിക്കും. ചെലവ് മറച്ചുവെക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, ഹാൾ ബുക്ക് ചെയ്ത കാരണം വ്യക്തമാക്കണം (വിവാഹ ക്ഷണക്കത്ത് എന്നിവ) ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത്തരം ബുക്കിങ്ങുകളുടെ ദൈനംദിന റിപ്പോർട്ടുകൾ ശേഖരിക്കുകയും വോട്ടർമാരെ സ്വാധീനിക്കാൻ വ്യാജ പാർട്ടികൾ സംഘടിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. സംശയാസ്പദമായ ബുക്കിങ്ങുകളെ കുറിച്ചോ സംഭവങ്ങളെ കുറിച്ചോയുള്ള റിപ്പോർട്ടുകൾ ബന്ധപ്പട്ടവർ വരണാധികാരികൾക്ക് കൈമാറണം. ആരാധനാലയങ്ങൾക്ക് പുറത്ത് അന്നദാനം എന്ന പേരിൽ ഭക്ഷണം വിളമ്പുന്നത്, തെരഞ്ഞെടുപ്പ് വേളയിൽ വോട്ടമാരെ സ്വാധീനിക്കാൻ വേണ്ടിയാണോ എന്ന് പരിശോധിക്കും. ഇത്തരം പ്രവൃത്തികൾ ജനപ്രാതിനിധ്യ നിയമം പ്രകാരം അഴിമതിയായും തെരഞ്ഞെടുപ്പ് കുറ്റകൃതൃമായും കണക്കാക്കപ്പെടുന്നു. വലിയ തോതിൽ ഭക്ഷണം വിളിമ്പുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയം തോന്നിയാൽ ചീഫ് ഇലക്ടറൽ ഓഫിസർമാരും ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെയും വരണാധികാരിയെയും അറിയിക്കണം. 50,000 രൂപക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുമ്പോൾ രേഖകൾ കൈയിൽ കരുത്തണം.പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് കലക്ടറേറ്റിലെ ഫിനാൻസ് ഓഫിസർ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന അപ്പീൽ കമ്മിറ്റി മുമ്പാക്കെ അപ്പീൽ ഫയൽ ചെയ്യാം. തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫിസറായ സീനിയർ ഫിനാൻസ് ഓഫിസർ കെ.പി. മനോജൻ കൺവീനറായും ജില്ല ട്രഷറി ഓഫിസർ, ജില്ല ട്രഷറ ഡെപ്യൂട്ടി ഡയറക്ടർ, ജില്ല പഞ്ചായത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് അപ്പീലുകൾ പരിശോധിക്കുക.





