രാജകീയ തിരിച്ചുവരവിന് തയ്യാറെടുത്ത് എം എസ് ധോണി; ഇനി കളികൾ വേറെ ലെവൽ എന്ന് ആരാധകർ
ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് സന്തോഷ വാർത്ത. പരിക്കിൽ നിന്നും മുക്തി നേടി എം എസ് ധോണി തിരികെ കളിക്കളത്തിലേക്ക്. കാലിനേറ്റ പരിക്കിനെ തുടർന്ന് ഐപിഎൽ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ആരാധകരുടെ പ്രിയപ്പെട്ട തല. പരിക്കിനെ തുടർന്ന് രണ്ടാഴ്ച ഐപിഎൽ മത്സരങ്ങൾ ധോണിക്ക് നഷ്ടമാവുമെന്നും ചെന്നൈ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ചെന്നൈ ആരാധകർക്ക് ആശ്വാസമായി പരിശീലനത്തിനിറങ്ങിയിരിക്കുകയാണ് ധോണി.
ചെന്നൈയുടെ മുൻ നായകൻ എംഎസ് ധോണിയുടെ നെറ്റ്സിലെ ബാറ്റിംഗിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ധോണി പരിക്കിന്റെ യാതൊരു പ്രയാസവുമില്ലാതെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതും കൂറ്റൻ സിക്സറുകൾ പറത്തുന്നതും കാണാം.
ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ പരാജയപ്പെട്ടിരുന്നു. ധോണിയുടെ അഭാവം ടീമിൽ നന്നായി ബാധിച്ചു എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇപ്പോഴിതാ ചെപ്പോക്കിലെ മത്സരത്തിന് മുന്നോടിയായി ധോണിയുടെ നെറ്റ്സിലെ പരിശീലനം ആരാധകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.





