ട്രെയിനുകൾക്കും ഉണ്ടോ വിരമിക്കൽ? യാത്ര അവസാനിപ്പിച്ചാൽ പിന്നെ ഇവ എങ്ങോട്ടാണ് പോകുന്നത്?
ന്യൂഡൽഹി: ജനലരികിലിരുന്ന് ചീറിപ്പായുന്ന ട്രെയിനുകളെ നോക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, പഴകി തുരുമ്പിച്ചാൽ ഈ വമ്പൻ വണ്ടികൾക്ക് എന്ത് സംഭവിക്കുമെന്ന്? ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നായ ഇന്ത്യൻ റെയിൽവേയിൽ, ട്രെയിനുകളുടെ വിരമിക്കൽ കാലം തികച്ചും കൗതുകകരമാണ്. ഇവ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമാവുകയല്ല ചെയ്യുന്നത്; പകരം പുതിയ രൂപങ്ങളിൽ അവ വീണ്ടും സേവനത്തിനെത്തുന്നു.ട്രെയിനുകളുടെ ആയുസ്മനുഷ്യരെപ്പോലെ തന്നെ ട്രെയിൻ എഞ്ചിനുകൾക്കും കോച്ചുകൾക്കും നിശ്ചിത പ്രവർത്തനകാലാവധിയുണ്ട്. സാധാരണയായി പഴയ തരം ഐസിഎഫ് കോച്ചുകൾക്ക് 25 മുതൽ 30 വർഷം വരെയാണ് ആയുസ്. എന്നാൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ 35 വർഷം വരെ ഉപയോഗിക്കാൻ സാധിക്കും. കൃത്യമായ ആയുസ് കഴിഞ്ഞാലോ, സുരക്ഷാ പ്രശ്നങ്ങൾ കണ്ടാലോ, അറ്റകുറ്റപ്പണി ചെലവ് വർധിച്ചാലോ ഇവയെ സർവീസിൽ നിന്ന് നീക്കം ചെയ്യും. വിരമിക്കൽ എന്നാൽ ട്രെയിനുകളുടെ അന്ത്യമല്ല. പല പഴയ പാസഞ്ചർ കോച്ചുകളും രൂപമാറ്റം വരുത്തി എൻഎംജി കോച്ചുകളാക്കി മാറ്റുന്നു. ഈ ഘട്ടത്തിൽ ഉള്ളിലെ സീറ്റുകൾ, ഫാനുകൾ, ലൈറ്റുകൾ എന്നിവ നീക്കം ചെയ്യുകയും ജനലുകൾ അടച്ച് ലോഹക്കൂട്ടുകളാൽ ബലപ്പെടുത്തുകയും ചെയ്യും. കാറുകൾ, ട്രാക്ടറുകൾ, മിനി ട്രക്കുകൾ എന്നിവ കൊണ്ടുപോകാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ അഞ്ച് മുതൽ 10 വർഷം വരെ ഇവ വീണ്ടും ഓടും.മിനിറ്റുകൾക്കുള്ളിൽ കഷണങ്ങളാക്കി മാറ്റുന്ന സ്ക്രാപ്പിങ്ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി പഴയ ഡീസൽ എഞ്ചിനുകളും കോച്ചുകളും വൻതോതിൽ മാറ്റിക്കൊണ്ടിരിക്കുകയാണ്. 2020-നും 2024-നും ഇടയിൽ ഏകദേശം 1,000 എഞ്ചിനുകളും 37,000 കോച്ചുകളുമാണ് റെയിൽവേ ഒഴിവാക്കിയത്. പൂർണമായും പ്രവർത്തനരഹിതമായ ട്രെയിനുകൾ സ്ക്രാപ്പ് യാർഡുകളിലേക്ക് അയക്കുന്നു. അവിടെ വെച്ച് ഓരോ ഭാഗങ്ങളും വേർതിരിക്കും. ഇരുമ്പ്, സ്റ്റീൽ, ചെമ്പ്, അലുമിനിയം, പിച്ചള എന്നിവ വേർതിരിച്ച് പുനരുപയോഗത്തിനായി വിൽക്കുന്നു. സീറ്റുകൾ, എയർ കണ്ടീഷണറുകൾ, ബാറ്ററികൾ എന്നിവ സാധ്യമെങ്കിൽ മറ്റ് ആവശ്യങ്ങൾക്കായി മാറ്റിവെക്കുന്നു. തിരക്കേറിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് ചരക്ക് നീക്കത്തിലേക്കും, ഒടുവിൽ സ്ക്രാപ്പ് യാർഡിലെ പുനരുപയോഗത്തിലേക്കും എത്തുമ്പോൾ ഒരു ട്രെയിനിന്റെ സേവനം അവസാന ശ്വാസം വരെ നീളുന്നു എന്ന് പറയാം.





