കാര്‍ ‘പറന്നത്’ 200 അടി താഴ്ചയിലേക്ക്: ഞെട്ടിച്ച് അപകടം, രണ്ട് തീര്‍ഥാടകര്‍ വെന്തുമരിച്ചു
ഷിംല: ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയോടെ ഭരണൈൻ-ഹോഷിയാർപൂർ റോഡിലായിരുന്നു അപകടം. ഹിമാചലിലെ ചിന്ത്പൂർണി ക്ഷേത്ര ദർശനം കഴിഞ്ഞ് പഞ്ചാബിലെ ലുധിയാനയിലേക്ക് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഭരൈൻ-ഹോഷിയാർപൂർ പാതയിലെ വളവ് സ്ഥിരം അപകടമേഖലയായ ‘ബ്ലാക്ക് സ്പോട്ട്’ ആയാണ് അറിയപ്പെടുന്നത്. റോഡിന്റെ ഒരു ഭാഗം തകർന്ന് കിടക്കുകയായിരുന്നുവെന്നും സുരക്ഷാ വേലികളൊന്നും സ്ഥാപിച്ചിരുന്നില്ലെന്നും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഏകദേശം 200 അടി താഴ്ചയിലേക്കാണ് കാർ പതിച്ചത്. അപകടത്തിന് തൊട്ടുമുമ്പ് കാറിന്റെ പിൻഭാഗത്ത് തീ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കാർ വളവ് തിരിയുന്നതിന് പകരം നേരെ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. കാറിന്റെ ടയർ പൊട്ടിത്തെറിച്ചതുപോലെയുള്ള ഉച്ചത്തിലുള്ള ശബ്ദം കേട്ടതായും ഇതാകാം ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകാൻ കാരണമെന്നുമാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയെങ്കിലും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു. അപകടത്തിൽപ്പെട്ട കാർ ലുധിയാന രജിസ്ട്രേഷനിലുള്ളതാണ്. കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.





