ചായയ്ക്ക് 18 രൂപ; ഊണിന് 140 രൂപ വരെ; കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷണവില തോന്നിയപോലെ
കൊച്ചി: കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷണവില തോന്നിയപോലെ. സാധാരണക്കാർ ആശ്രയിക്കുന്ന ഒരേ നിലവാരമുള്ള ഹോട്ടലുകളിലാണ് ചായയ്ക്കും ഊണിനുമടക്കം വിവിധ നിരക്കുകൾ ഈടാക്കുന്നത്. ചായയ്ക്ക് 10 മുതൽ 18 രൂപ വരെ വിവിധ ഹോട്ടലുകളില്‍ ഈടാക്കുന്നുണ്ട്. ഊണിനാകട്ടെ 80 മുതൽ 140 രൂപ വരെ ഈടാക്കുന്നുണ്ട്. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയാണ് പലയിടങ്ങളിലും വിവിധ നിരക്ക് ഈടാക്കുന്നത്. കരിഞ്ചന്തയില്‍ നിന്ന് സിലിണ്ടറുകള്‍ വാങ്ങേണ്ടി വരുന്നത് കൊണ്ടാണ് ഭക്ഷണത്തിന് വില കൂട്ടേണ്ടി വരുന്നതെന്നാണ് ഹോട്ടല്‍ ഉടമകളുടെ വാദം. കൂടാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷാമവും വിലവര്‍ധനവിന് കാരണമായി ഹോട്ടല്‍ ഉടമകള്‍ പറയുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പകരം മലയാളികളെ പണിക്ക് നിര്‍ത്തുന്ന സമയത്ത് കൂടുതല്‍ തുക നല്‍കേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ കൊച്ചിയില്‍ ലൈസന്‍സ് ഉള്ള ഹോട്ടലുകളില്‍ 60 ശതമാനത്തിലേറെ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് കരിഞ്ചന്തയെ ആശ്രയിക്കേണ്ട അവസ്ഥയില്ലെന്നുമാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അമിതനിരക്ക് ഈടാക്കുന്നതിനോട് യോജിപ്പില്ലെന്ന് ഹോട്ടൽ & റസ്റ്ററന്റ് അസോ. ജില്ലാ സെക്രട്ടറി കെ.ടി റഹീം മീഡിയവണിനോട് പറഞ്ഞു. അതിനിടെ, രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യപാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും. മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിച്ചു. വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിച്ച് റസ്റ്ററന്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും കൂടിയേക്കും.





