മഞ്ചേശ്വരത്ത് ഇടതിന് കെട്ടിവെച്ച കാശ് പോയി; സിപിഎമ്മിന് സംസ്ഥാനത്ത് അപൂർവ തിരിച്ചടി
കാസർകോട്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഇടതുസ്ഥാനാര്‍ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സംസ്ഥാനത്ത് ഈ അനുഭവം മഞ്ചേശ്വരത്ത് മാത്രം. സാധുവായ വോട്ടിന്റെ ആറിലൊന്ന് (16.7 ശതമാനം) കിട്ടിയാലാണ് കെട്ടിവെച്ച 10,000 രൂപ തിരികെ ലഭിക്കുക. മഞ്ചേശ്വരത്ത് 1,87,801 വോട്ടാണ് സാധുവായത്. ഇതിന്റെ ആറിലൊന്ന് 31,300 വരും. എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ കെ.ആർ ജയാനന്ദക്ക് ലഭിച്ചതാകട്ടെ 21,212 വോട്ടാണ്. (11.29 ശതമാനം). 2021ൽ വി.വി. രമേശൻ നേടിയത് 40,639 വോട്ടാണ്. 2011ലും 2016ലും കാസർകോട് മണ്ഡലത്തിൽ 14 ശതമാനം വോട്ടുകൾ മാത്രം നേടിയ ഐഎൻഎൽ സ്ഥാനാർത്ഥികൾക്ക് തുക തിരിച്ചുകിട്ടിയിരുന്നില്ല. 2016ൽ നേമത്ത് ഒ. രാജഗോപാൽ വിജയിച്ച തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി സുരേന്ദ്രൻ പിള്ളക്കും കെട്ടിവെച്ച തുക നഷ്ടമായിരുന്നു. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിച്ച് കെട്ടിവെച്ച തുക നഷ്ടമാകുന്നത് അപൂർവമാണ്.കേരളത്തിലെ ഒന്നാമത്തെ നിയോജകമണ്ഡലമായ മഞ്ചേശ്വരത്ത് സിറ്റിങ് എംഎൽഎ എ.കെ.എം. അഷ്റഫ് 96,948 വോട്ടുകളാണ് നേടിയത് (51.62 ശതമാനം). ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ 67,696 വോട്ട് നേടി (36 ശതമാനം). ഭൂരിപക്ഷം 29,252 വോട്ടുകൾ. മഞ്ചേശ്വരത്ത് ഇടത് വോട്ടുകൾ പ്രകടമായി യു.ഡി.എഫിലേക്ക് മറിയുകയായിരുന്നു.സിപിഎമ്മിൽ സ്ഥാനാർത്ഥി നിർണ്ണയം തുടക്കത്തിലെ പാളിയിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനായിരുന്നു ആദ്യാലോചന. അതും മുസ്ലിം വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥിയെയായിരുന്നു പരിഗണിച്ചത്. അത് ബി.ജെ.പി.യെ സഹായിക്കുമെന്ന ആക്ഷേപത്തിനിടയാക്കുമെന്നതിനാൽ പാർട്ടി സ്ഥാനാർത്ഥിയെ തന്നെ നിർത്തി. എന്നാൽ ഫലം വന്നപ്പോൾ അത് യു.ഡി.എഫിന് ഗുണം ചെയ്തു.





