നെടുംകോട്ടകൾ പിളർന്ന തെരഞ്ഞെടുപ്പ് തോൽവി; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ഇടത് മുന്നണിയുടെ നെടുംകോട്ടകൾ പിളർന്ന തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. എം.വി ഗോവിന്ദനും, പിണറായി വിജയനുമെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനമുയരാനുള്ള സാധ്യത. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ വരുമോ എന്ന കാര്യത്തിലും പ്രാഥമിക ചർച്ചകൾ ഇന്ന് നടക്കും. കണ്ണൂർ ജില്ലയിൽ പാർട്ടിക്കൊട്ടകളെ വിറപ്പിച്ചാണ് യുഡിഎഫിന്റെ തേരോട്ടം. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പ്രാഥമികമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് നയിച്ച പിണറായി വിജയനും പാർട്ടി പ്രവർത്തനത്തിന് നേതൃത്വം നൽകിയ എം.വി ഗോവിന്ദനും തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന പൊതു അഭിപ്രായം ഉയർന്നു വന്നിട്ടുണ്ട്. നേതൃയോഗങ്ങളിൽ ആ വിമർശനം ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. എം.വി ഗോവിന്ദനും പിണറായി വിജയനും എതിരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം ഉണ്ടായില്ലെങ്കിലും സംസ്ഥാന കമ്മിറ്റിയിൽ വരുമ്പോൾ അതാകില്ല അവസ്ഥ. കണ്ണൂരിലെ പാർട്ടി കോട്ടകളിലെ വോട്ട് ചോർച്ചയ്ക്ക് കാരണം പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളാണെന്ന് പൊതുവെ അഭിപ്രായം അണികൾക്കിടയിൽ തന്നെ ഉയർന്നു വന്നിട്ടുണ്ട്. ശ്യാമളയുടെ സ്ഥാനാർത്ഥിത്തെ ന്യായീകരിച്ച സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേശിനും എതിരായ പടയൊരുക്കം പാർട്ടിക്കുള്ളിൽ നിന്ന് ഉണ്ടാകും. പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചപ്പോൾ മൗനം പാലിച്ച പിണറായി വിജയൻ്റെ നടപടിയും പാർട്ടി നേതാക്കൾക്കിടയിൽ അംഗീകരിക്കപ്പെടുന്നില്ല. അടുത്ത പ്രതിപക്ഷ നേതാവ് ആര് എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് താൻ ഇല്ലെന്ന് നിലപാട് പിണറായി വിജയൻ സ്വീകരിച്ചാൽ അത് പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാകും.102 പേരുമായി വരുന്ന യുഡിഎഫിനെ നേരിടാൻ അത്രമേൽ ശക്തനായ നേതാവ് വേണമെന്ന് അഭിപ്രായമാണ് പാർട്ടിക്കുള്ളിൽ ഉള്ളത്. വി.എസ് അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് കൊടിയേരി ബാലകൃഷ്ണൻ ഉപനേതാവായി കാര്യങ്ങൾ നിയന്ത്രിച്ചിരുന്നു. സമാനമായ അവസ്ഥയ്ക്കും സാഹചര്യങ്ങൾ ഉരുത്തിരിയുണ്ട്. പിണറായി വിജയൻ പ്രതിപക്ഷ നേതാവായാൽ ഉപനേതാവായി കെ.എൻ ബാലഗോപാൽ വന്നേക്കും. പിണറായി വിജയൻ പൂർണമായി പിന്തിരിഞ്ഞാൽ കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലിൻ്റെ പേരിനാണ് പാർട്ടിയിൽ പ്രഥമ പരിഗണന. വിമർശനവും സ്വയം വിമർശനവും പാർട്ടിയുടെ നിലനിൽപ്പാണ് എന്ന് പറയുന്ന നേതാക്കൾ അത് പാർട്ടി യോഗങ്ങളിൽ ഉന്നയിക്കുമോ എന്ന് വരും ദിവസങ്ങളിലെ നേതൃയോഗങ്ങൾ വ്യക്തമാക്കും.





