‘പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ
കണ്ണൂർ: കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ. പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് ഫ്ലെക്സിലുള്ളത്. അഴീക്കോട് മണ്ഡലത്തിലാണ് ബോർഡുകൾ ഉയർന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ജില്ലയിൽ പോസ്റ്ററുകളും ഫ്ലക്സുകളും ഉയർന്നിരുന്നു. കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടകളിൽ വലിയ നേട്ടമാണ് യുഡിഎഫ് ഉണ്ടാക്കിയത്. വിമതർ മത്സരിച്ച പയ്യന്നൂരും തളിപ്പറമ്പുമടക്കം സിപിഎം ഉറച്ചുവിശ്വസിച്ചയിടങ്ങളിലാണ് ഈ കനത്ത തോൽവി നേരിട്ടത്. ധർമ്മടത്ത് പിണറായി വിജയൻ ആദ്യ റൗണ്ടുകളിൽ പിന്നിലാവുകയും ഭൂരിപക്ഷം വലിയ രീതിയിൽ കുറയുകയും ചെയ്തു. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ആറിടങ്ങളിൽ എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തവണ ഒൻപത് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ജയിച്ചിരുന്നത്. എൽഡിഎഫിൻ്റെ തോൽവിക്ക് പിന്നാലെയുള്ള വലിയ വിമർശനമാണ് നേതൃത്വത്തിനെതിരെ പ്രവർത്തകർ നടത്തുന്നത്. എം.വി ഗോവിന്ദനും കെ.കെ രാഗേഷിനും മുഖ്യമന്ത്രിക്കുമെതിരാണ് ഇതിൽ പലതും. പലരും പരസ്യമായി രംഗത്തെത്തി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ വിശദീകരണ പോസ്റ്റിന് താഴെ അണികളുടെ വ്യാപക വിമർശനമാണ് ഉണ്ടായത്. കണ്ണൂരിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം രാഗേഷിനും ഗോവിന്ദൻ മാസ്റ്റർക്കും ആണെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. പി. ജയരാജൻ ആയിരുന്നു ജില്ലാ സെക്രട്ടറി എങ്കിൽ കണ്ണൂർ പാർട്ടിക്ക് ഇത്രയും ക്ഷീണം വരില്ലായിരുന്നുവെന്നും പ്രവർത്തകർ പറയുന്നു. ’പാർട്ടി കോട്ടകളിൽ പോലും വിള്ളലുകൾ വീഴുമ്പോൾ അത് വെറുമൊരു ഭരണ പരാജയമായല്ല, മറിച്ച് നേതൃത്വത്തിന്റെ പിടിപ്പുകേടായി തന്നെ കാണേണ്ടതുണ്ട്. ഇന്ന് പാർട്ടി അണികൾക്കും അനുഭാവികൾക്കും ആവശ്യം ഓരോ വാചകത്തിലും സിദ്ധാന്തങ്ങൾ കുത്തിനിറച്ച പാർട്ടി ക്ലാസ്സുകൾ എടുക്കുന്ന സെക്രട്ടറിയെയല്ല. മറിച്ച് രാഷ്ട്രീയ എതിരാളികളുടെ നുണപ്രചാരണങ്ങളെ വാക്കിന്റെ മൂർച്ച കൊണ്ട് പ്രതിരോധിക്കുന്ന പോരാളിയെയാണ്’ ’ആദ്യം നിങ്ങൾ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെക്കുക നിങ്ങളെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല’ ’ഗവണ്മെന്റ് ചെയേണ്ടത് ചെയ്തു. പാർട്ടി ചെയ്യേണ്ടത് ചെയ്തോ. കണ്ണൂർ ഇന്നുവരെ കണ്ടിട്ടില്ലാത്ത തോൽവി ആണ് ഉണ്ടായിട്ടുള്ളത്. ജില്ലാ സെക്രട്ടറിയേറ്റിൽ ഉള്ള ഒരാൾ പാർട്ടി മാറി യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. ജില്ലാ കമ്മിറ്റിയിൽ ഉള്ള വേറെ ഒരു സഖാവ് മത്സരിച്ചു പാർട്ടിയ തോൽപിച്ചു. ഇതൊന്നും കാണാൻ പറ്റാത്ത ജില്ലാ സെക്രട്ടറി അല്ലെ ആദ്യം മാറേണ്ടത്.’ ’നിന്നെയും ഗോവിന്ദനെയും പോലത്തെ നെറികെട്ട നേതൃത്വം ആണ് ഈ പാർട്ടിക്ക് ഇത്രയും വല്യ തോൽവി ഉണ്ടാക്കിയത്’ ’ദയവുചെയ്ത് താങ്കൾ ജില്ലാസെക്രട്ടറി സ്ഥാനം ഒഴിഞ്ഞു മറ്റാരെയെങ്കിലും ഈ പണി ഏൽപ്പിക്കണം. കണ്ണൂരിൽ വേറെ ആൾ ഇല്ലാത്തതു കൊണ്ടല്ലല്ലോ താങ്കളെ നൂലിൽ കെട്ടി ഇറക്കിയത്. പിണറായിയുടെ ഇഷ്ടക്കാരൻ എന്നുള്ള ഒറ്റക്കാരണം. ആ ഷംസീറിനെ ഒക്കെ ഏൽപ്പിച്ചാൽ അദ്ദേഹം ആ പണി വൃത്തിയായി എടുത്തോളും. ആ p ശശിയെ പാർട്ടിയുടെ ഏഴയലത്തു അടുപ്പിക്കരുത്, അയാളോടൊക്കെ എന്ത് ബാധ്യതയാണ് പാർട്ടിക്കുള്ളത് പിണറായിയുടെ ഇഷ്ടക്കാരൻ ആണെന്നതൊഴിച്ചാൽ. പി. ജയരാജനെ പോലെ ഈ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ജനകീയനായ നേതാക്കളെ മൂലക്കിരുത്താതെ ഉയർത്തിക്കൊണ്ട് വരണം. ഇത്രയും വർഷമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എടുക്കാതിരിക്കാൻ മാത്രം എന്താണ് അദ്ദേഹത്തിനുള്ള അയോഗ്യത, പിണറായിക്ക് കുറച്ച് ഇഷ്ടക്കുറവുണ്ട് എന്നതല്ലാതെ. തളിപ്പറമ്പിൽ ശ്യാമളയെക്കാൾ യോഗ്യതയുള്ള ആരും ഇല്ലാഞ്ഞിട്ടാണോ അവരെ സ്ഥാനാർത്തിയാക്കിയത്. ഞാനില്ലെങ്കിൽ എന്റെ ഭാര്യ എന്നതാണോ പാർട്ടി നയം. നിങ്ങൾ ആരെയാണ് പൊട്ടന്മാരാക്കുന്നത്. നിങ്ങൾ മുകളിൽ നിന്ന് അയച്ചു തരുന്ന സർക്കുലറും വിശദീകരണവുമൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്ന കാലമൊക്കെ പോയി സഖാവെ. പയ്യന്നൂരും, തളിപ്പറമ്പും, മട്ടന്നൂരും, ധർമടവുമൊക്കെ നിങ്ങൾക്കുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആണ് അതിൽ നിന്നൊക്കെ പഠിച്ചാൽ ഞങ്ങൾക്ക് കൊള്ളാം’ എന്നിങ്ങെനെ പോകുന്നു കമൻ്റുകൾ.





