ഡോളറിനെതിരെ രൂപക്ക് കരുത്ത്; 95.20 ലേക്ക് ഉയർന്നു, ഓഹരി വിപണിയിലും മുന്നേറ്റം
മുംബൈ: പശ്ചിമേഷ്യയിൽ സംഘർഷം കുറയുമെന്നും അമേരിക്കയും ഇറാനും തമ്മിൽ ധാരണയിൽ എത്തുമെന്നുമുള്ള പ്രതീക്ഷകൾ ശക്തമായതോടെ ഇന്ത്യൻ രൂപക്ക് വെള്ളിയാഴ്ച നേട്ടം. ഡോളറിനെതിരെ രൂപ 65 പൈസ ഉയർന്ന് 95.20 എന്ന നിലയിലെത്തി. ആഗോള ക്രൂഡ് ഓയിൽ വില കുറഞ്ഞതും രൂപക്ക് പിന്തുണയായി. രൂപയുടെ മുന്നേറ്റം ഓഹരി വിപണിക്കും ആശ്വാസം പകർന്നു. സെൻസെക്സ് 921.30 പോയന്റ് ഉയർന്ന് 74,753.85 ലെത്തി. നിഫ്റ്റി 254.20 പോയന്റ് ഉയർന്ന് 23,417.25ലുമാണ് വ്യാപാരം. വിദേശ നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുന്നതിലും ഇറക്കുമതി ചെലവ് നിയന്ത്രിക്കുന്നതിലും രൂപക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുന്നതിലാണ് ഈ നേട്ടം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി ഉടൻ ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചതോടെയാണ് വിപണികളിൽ അനുകൂല വികാരം പ്രകടമായത്. ഇതോടെ എണ്ണവില താഴുകയും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ കറൻസികൾക്ക് കരുത്ത് ലഭിക്കുകയും ചെയ്തു. ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, തൊട്ടുപിന്നാലെ നയതന്ത്രപരമായ ഒത്തുതീർപ്പ് ഉടനുണ്ടാകുമെന്ന് സൂചന നൽകുകയും ചെയ്ത ട്രംപിന്റെ അപ്രതീക്ഷിതമായ നീക്കങ്ങൾക്കൊടുവിലാണ് വിപണിയിലെ മുന്നേറ്റം. കരാറിന്റെ പൊതുവായ രൂപരേഖയോട് ഇറാന്റെ നേതൃത്വം യോജിച്ചിട്ടുണ്ടെന്നും എന്നാൽ ചർച്ചകൾ പൂർണമായി അവസാനിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കുകയായിരുന്നു. അതേസമയം, സമാധാന കരാർ സംബന്ധിച്ച് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്തിമ രേഖകൾക്കൊന്നും രാജ്യം അംഗീകാരം നൽകിയിട്ടില്ലെന്നും ചില നിർണായക വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാൻ വ്യക്തമാക്കി. യു.എസ് ഇറാൻ സംഘർവും ഉയർന്ന എണ്ണവിലയുമാണ് രൂപക്ക് കനത്ത സമ്മർദ്ദം ഉണ്ടാക്കിയിരുന്നത്. എന്നാൽ, സമാധാന പ്രതീക്ഷകൾ ഉയർന്നതോടെയാണ് രൂപ തിരിച്ചുകയറാൻ തുടങ്ങി. ഇന്ത്യയുടെ വിദേശനാണ്യ വിപണിയിൽ എണ്ണവിലക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയും. എണ്ണവില താഴുന്നത് ഇറക്കുമതി ചെലവ് കുറക്കുകയും ഡോളറിന്റെ ആവശ്യകത കുറയുകയും ചെയ്യുന്നതിനാൽ രൂപയുടെ മൂല്യം മെച്ചപ്പെടാൻ സഹായിക്കും. പശ്ചിമേഷ്യൻ സ്ഥിതിഗതികൾ കൂടുതൽ ശാന്തമായാൽ രൂപക്ക് ഇനിയും നേട്ടമുണ്ടാകാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.





