മയക്കുമരുന്ന് വിൽപ്പനയ്ക്ക് വിസമ്മതിച്ച വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ
ചാലക്കുടി: മയക്കുമരുന്ന് വിൽപ്പനയ്ക്ക് വിസമ്മതിച്ച ഒൻപതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതിയെ ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടി. മലപ്പുറം അകപ്പാടം സ്വദേശി സാദിഖിനെയാണ് (45) ചാലക്കുടി പുഴപ്പാലത്തിന് താഴെനിന്ന് പിടികൂടിയത്. സബ് ഇൻസ്പെക്ടർ സതീശൻ മഠപ്പാട്ടിൽ, എ.എസ്.ഐ.മാരായ എ.യു. റെജി, വി.യു. സിൽജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
കഴിഞ്ഞ ഒരു മാസമായി വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനയ്ക്കായി പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കണ്ണമ്പുഴ ക്ഷേത്രപരിസരത്ത് വെച്ച് വിദ്യാർഥിയെ തടഞ്ഞുനിർത്തിയ പ്രതി വീണ്ടും ലഹരിവിൽപ്പന നടത്താൻ ആവശ്യപ്പെട്ടു. ഇതിന് കുട്ടി വിസമ്മതിച്ചതോടെ ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പ്രതിയുടെ കൈയിൽ കടിച്ചശേഷം കുതറിയോടിയ വിദ്യാർഥി ഒരു കിലോമീറ്ററോളം ഓടി വാർഡ് കൗൺസിലർ വി.ജെ. ജോജിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. കൗൺസിലറാണ് വിവരം ലഹരിവിരുദ്ധ സ്ക്വാഡിനെ അറിയിച്ചത്. പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.





