‘
താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്ന് കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് സുനില്‍ രാജ് ഇടപ്പാള്‍. ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ പല സീനുകളും താനാണ് ചെയ്തതെന്ന് വെളിപ്പെടുത്തി സുനില്‍ രാജ് രംഗത്തെത്തിയിരുന്നു. അതിന്റെ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നടന്‍ പിന്നീട് ആ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
തന്റെ വാക്കുകള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് സുനില്‍ രാജ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ചാക്കോച്ചന്‍ ചെയ്ത ഉപകാരം എന്താണെന്ന് പറയാന്‍ വേണ്ടിയിട്ടാണ് താന്‍ പോസ്റ്റിട്ടത്. പക്ഷേ അത് പുറത്തേക്ക് വന്നപ്പോള്‍ നെഗറ്റീവായി. അദ്ദേഹം തനിക്ക് ഉപകാരമല്ലാതെ ഒരുപദ്രവവും ഇതുവരെ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. സത്യങ്ങള്‍ വളച്ചൊടിക്കരുത് എന്നാണ് സുനില്‍ രാജ് പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
സുനില്‍ രാജിന്റെ വാക്കുകള്‍:
ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായി മാറിയിരിക്കുകയാണ്. പലരും എന്നോട് ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണ് പോസ്റ്റിട്ടത്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അദ്ദേഹം അമേരിക്കയിലോ മറ്റോ ആയിരുന്നു. അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്. അദ്ദേഹം തിരക്കായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ കുറച്ച് ഭാഗങ്ങള്‍ അതായത് ഡ്യൂപ് ഷോട്ടുകള്‍ എനിക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റി. എന്നെ സജസ്റ്റ് ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. അത് വലിയൊരു കാര്യമാണ്.
എന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്. ഒരു നടന്‍ എന്റെ പേര് പറയുകയും എന്നെ സിനിമയിലേക്ക് വിളിക്കുകയും. നല്ല കാര്യങ്ങള്‍ മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ. ഒരു നടന് വേണ്ട എല്ലാ രീതിയിലുള്ള സപ്പോര്‍ട്ടും എനിക്ക് തന്നിട്ടുണ്ടായിരുന്നു. അത് ഏറ്റവും വലിയ കാര്യമായിട്ട് ഞാന്‍ കാണുന്നു. ചാക്കോച്ചന്‍ ചെയ്ത ഉപകാരം എന്താണെന്ന് പറയാന്‍ വേണ്ടിയിട്ടാണ് ഞാന്‍ അത് ഇട്ടത്. പക്ഷേ അത് പുറത്തേക്ക് വന്നപ്പോള്‍ നെഗറ്റീവായി. ഓണ്‍ലൈന്‍ മീഡിയക്കാര്‍ അത് മറ്റ് രീതിയിലൊക്കെ വളച്ചൊടിച്ചു. ചാക്കോച്ചനെ കുറിച്ച് സുനില്‍ രാജ് മനസ് തുറക്കുന്നു എന്നൊക്കെ പറഞ്ഞുള്ള വാര്‍ത്തകള്‍ കുറേ പേര്‍ എനിക്ക് അയച്ചു തന്നിരുന്നു. എല്ലാമൊന്നും എനിക്ക് കാണാന്‍ പറ്റിയിട്ടില്ല, ഞാനും കുറച്ച് തിരക്കിലായിരുന്നു.
കുറേ ഫോണ്‍ കോളുകള്‍ വന്നപ്പോഴാണ് ഞാന്‍ ഈ സംഭവം എന്താണെന്ന് അറിയുന്നത്. ചാക്കോച്ചന്‍ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം എനിക്ക് ഉപകാരമല്ലാതെ ഒരുപദ്രവവും ഇതുവരെ എന്നോട് ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ഇനിയിപ്പോള്‍ ഞാന്‍ അങ്ങോട്ട് ചെയ്‌തെങ്കിലേ ഉള്ളൂ. അല്ലാതെ പുള്ളി ഒരിക്കലും ഒരു മനുഷ്യനോടും ഒരു ദ്രോഹവും ചെയ്യാത്ത ആളാണ്. ഞാന്‍ പറഞ്ഞ സത്യങ്ങള്‍ വളച്ചൊടിച്ച് അത് അദ്ദേഹത്തിന് വിഷമമുണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കരുത് ദൈവത്തെയോര്‍ത്ത്. കാരണം അദ്ദേഹത്തെപ്പോലെയൊരു നല്ല മനുഷ്യനുമായി സൗഹൃദം പുലര്‍ത്താന്‍ കഴിയുക എന്നത് വലിയ കാര്യമാണ്.


