മൃതദേഹത്തിന് സമീപം മദ്യക്കുപ്പിയും സിഗരറ്റ് കുറ്റികളും; 77കാരിയെ കൊന്ന് 85 പവൻ കൈക്കലാക്കിയ കേസില്‍ വമ്പൻ ട്വിസ്റ്റ്, പ്രതിയെക്കണ്ട് ഞെട്ടി നാട്ടുകാര്‍
കോയമ്പത്തൂർ: പൊള്ളാച്ചിയിൽ സിനിമാ തിരക്കഥയെ വെല്ലുന്ന രീതിയില്‍ കൊലപാതകം നടത്തിയ 75കാരി ഒടുവില്‍ പൊലീസ് പിടിയില്‍. ഭർത്താവ് മരിച്ച ശേഷം അൻപു നഗറിലെ വീട്ടിൽ തനിച്ച് താമസിച്ചിരുന്ന 77-കാരി വിശാലാക്ഷിയെ ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.മദ്യലഹരിയിൽ പുരുഷനാണ് കൊല നടത്തിയതെന്ന് വരുത്തിത്തീർക്കാൻ കൊലപാതകത്തിന് ശേഷം വീടിനുള്ളിൽ സിഗരറ്റ് കുറ്റികളും ഒഴിഞ്ഞ മദ്യക്കുപ്പികളും പൊലീസ് കണ്ടെത്തിയിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏതോ മോഷ്ടാവ് നടത്തിയ കൊലപാതകമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് അയല്‍ക്കാരിയും വിശാലാക്ഷിയുടെ സുഹൃത്തും കൂടിയായ സരോജയാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൂടിയായ സരോജ, അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചാണ് തന്റെ ക്രൂരമായ തിരക്കഥ മെനഞ്ഞതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വിസാലക്ഷിയുടെ പക്കലുണ്ടായ 85 പവൻ സ്വർണം ലക്ഷ്യമിട്ടായിരുന്നു കൊലപാതകം നടത്തിയത്. പൊലീസിന്റെ അന്വേഷണ രീതികൾ മുൻകൂട്ടി കണ്ട് മെനഞ്ഞ തിരക്കഥ തകർന്നടിഞ്ഞത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴായിരുന്നു. 50-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച തെളിവുകൾ അന്വേഷണത്തെ വഴിതെറ്റിച്ചെങ്കിലും, സിസിടിവിയില്‍ കൊലപാതകം നടക്കുന്ന സമയത്ത് സരോജം അവിടെ ഉണ്ടായിരുന്നെന്ന് പൊലീസിന് മനസിലായി. സംഭവദിവസം വിശാലാക്ഷിയുടെ വീട്ടിലെത്തിയ സരോജ സ്വർണം ആവശ്യപ്പെട്ടു. വിശാലാക്ഷി എതിർത്തതോടെ, യാതൊരു ദയയുമില്ലാതെ തന്റെ സുഹൃത്തിനെ സരോജ കൊലപ്പെടുത്തി. വീട്ടിലുണ്ടായിരുന്ന 85 പവൻ സ്വർണവുമായാണ് സരോജ അവിടെനിന്ന് കടന്നുകളഞ്ഞത്. കൂടാതെ, സരോജയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിശാലാക്ഷിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതിന് സമാനമായ സിഗരറ്റ് കുറ്റികളും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. ഇതോടെ പിടിവീഴുമെന്ന് ഉറപ്പായ സരോജ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണം വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സരോജയെ പൊലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ സരോജ കോയമ്പത്തൂർ ജയിലിൽ റിമാൻഡിലാണ്.





