കോഴിക്കോട് തിരുവള്ളൂരിലെ പോലീസ് അതിക്രമം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: തിരുവള്ളൂരിലെ പൊലീസ് അതിക്രമത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തിരുവള്ളൂരിൽ പ്രസവിച്ച് 20 ദിവസമായ സ്ത്രീയുടെ വീട്ടിൽ പാതിരാത്രി പൊലീസ് കയറി അതിക്രമം കാട്ടിയ സംഭവത്തിലാണ് നടപടി. റൂറൽ എസ്‌പി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
പ്രദേശത്തെ രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ടാണ് പൊലീസ് പരിശോധനക്കായി വീട്ടിലെത്തിയത്. യൂത്ത് ലീഗ് പ്രവർത്തകനായ തിരുവള്ളൂർ സിദ്ദീഖിന്റെ വീട്ടിലാണ് പൊലീസ് എത്തിയത്. കൈക്കുഞ്ഞുമായി കിടക്കുന്ന ഇയാളുടെ ഭാര്യ അസ്മിറയുടെ മുറിയിൽ ഉൾപ്പെടെ കയറി പൊലീസ് അതിക്രമം കാട്ടിയതായി യൂത്ത് ലീഗ് ആരോപിച്ചിരുന്നു. വീട്ടുകാരുമായി പൊലീസ് വാക്കേറ്റത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വീട്ടിലെ പൊലീസ് അതിക്രമത്തിൽ അസ്‌മിറ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തിരിക്കുന്നത്.





