ടോപ് ഗിയറിൽ കുതിച്ച് പഞ്ചാബ് കിങ്‌സ്; ലഖ്‌നൗവിനെതിരെ 54 റൺസ് വിജയത്തോടെ ഒന്നാം സ്ഥാനത്തെത്തി

മുല്ലൻപൂർ: ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ് കിങ്‌സ്. സ്വന്തം തട്ടകമായ മുള്ളൻപൂർ സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 54 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസിന്റെ കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. അർധ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യയുടേയും (37 പന്തിൽ 93), കൂപ്പർ കൊനോലി (46 പന്തിൽ 87)യുടേയും ഇന്നിങ്‌സുകളാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിങിൽ എൽഎസ്ജി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്.ബിഗ് ടോട്ടൽ പിന്തുടർന്ന ലഖ്‌നൗവിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണിങിൽ മിച്ചൽ മാർഷ്(28 പന്തിൽ 40) ആയുഷ് ബദോനി(21 പന്തിൽ 35) എന്നിവർ ചേർന്ന് 61 റൺസ് കൂട്ടിചേർത്തു. ബദോനിയെ പുറത്താക്കി വിജയകുമാർ വൈശാഖാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നൽകുന്നത്. തുടർന്ന് മാർഷ് – റിഷബ് പന്ത് (23 പന്തിൽ 43) സഖ്യം 48 റൺസ് ചേർത്തു. ഓപ്പണിങിൽ നിന്ന് മാറി മാർക്രം മധ്യനിരയിലാണ് ഇറങ്ങിയത്. 22 പന്തിൽ 42 റൺസുമായി തകർത്തടിച്ചെങ്കിലും ലക്ഷ്യം ഏറെ അകലെയായിരുന്നു. മുകുൾ ചൗധരി (21), ഹിമ്മത് സിംഗ് (01) പുറത്താവാതെ നിന്നു. നേരത്തെ, ആദ്യ ഓവറിൽ തന്നെ പ്രഭ്സിമ്രാൻ സിങിന്റെ (0) വിക്കറ്റ് പഞ്ചാബിനെ പ്രിയാൻഷ്-കൊണോലി സഖ്യമാണ് വലിയ ടോട്ടലിലേക്ക് നയിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 182 റൺസാണ് കൂട്ടിചേർത്തത്. ഏഴ് സിക്സും എട്ട് ഫോറും സഹിതം കൊണോലി 87 റൺസെടുത്ത് പുറത്തായി. 37 പന്തിൽ ഒൻപത് സിക്‌സറും നാല് ഫോറും സഹിതം 93 റൺസാണ് പ്രിയാൻഷ് നേടിയത്. ശ്രേയസ് അയ്യർ (5), മാർകസ് സ്റ്റോയിനിസ് (29), നെഹാൽ വധേര (13), ശശാങ്ക് സിംഗ് (17) എന്നിവരുടെ വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി.




