
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പുതുവർഷ കാലത്ത് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഒട്ടേറെയുണ്ടാവും. പലപ്പോഴും അതിന് വിലങ്ങ് തടിയായി നില്‍ക്കുന്നതാവട്ടെ വിമാനക്കമ്ബനികള്‍ ഈടാക്കുന്ന ഉയർന്ന ടിക്കറ്റ് തുക പോലെയുള്ളവയും ആയിരിക്കും.
പലപ്പോഴും ഒരു കുടുംബത്തിന് അവധിക്കാലം ചിലവഴിക്കാൻ നാട്ടിലേക്ക് വരാൻ വലിയ തുക തന്നെ മുടക്കേണ്ടി വരുന്ന സാഹചര്യവും നാം കാണാറുണ്ട്.
എന്നാല്‍ അങ്ങനെയുള്ള ആധികള്‍ക്ക് ഒക്കെയും വിരാമമിട്ട് കൊണ്ട് ചില മുൻനിര വിമാനക്കമ്ബനികള്‍ അടുത്ത വർഷം ആദ്യം യാത്രക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന ചില അടിപൊളി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. അതില്‍ പ്രധാനം ഇന്ത്യൻ കമ്ബനിയായ ഇൻഡിഗോയുടെ ബ്ലാക്ക് ഫ്രൈഡേ ഓഫറാണ്. മാത്രമല്ല എത്തിഹാദ് എയർവേസും സമാനമായി മികച്ച ഓഫറുകള്‍ അടുത്ത വർഷത്തേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൻഡിഗോ ബ്ലാക്ക് ഫ്രൈഡേ ഓഫർ
ഇൻഡിഗോ തങ്ങളുടെ വാർഷിക ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയാണ് ആരംഭിച്ചത്. ഇതിലൂടെ ആഭ്യന്തര, അന്താരാഷ്ട്ര നെറ്റ്‌വർക്കുകളിലുടനീളം കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകളും അധിക സേവനങ്ങളും ലഭ്യമാക്കും. നവംബർ 25 മുതല്‍ 28 വരെയാണ് ഈ പ്രത്യേക വില്‍പ്പന നടക്കുന്നത്. 2026 ജനുവരി 7 മുതല്‍ ജൂണ്‍ 30 വരെയാണ് യാത്രാ കാലാവധി. ഈ സമയത്ത് സ്‌കൂള്‍ അവധികള്‍, നീണ്ട വാരാന്ത്യങ്ങള്‍, വേനല്‍ അവധിക്കാലം എന്നിവ ഉള്‍പ്പെടുന്നതിനാല്‍ പ്രവാസികള്‍ക്ക് ഗുണകരമാണ്.
തിരഞ്ഞെടുത്ത റൂട്ടുകളില്‍ ആഭ്യന്തര വിമാന ടിക്കറ്റുകള്‍ 1799 രൂപ മുതലും അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ 5999 രൂപ മുതലും ഇൻഡിഗോ വാഗ്‌ദാനം ചെയ്യുന്നു. കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഒരു ഓഫറാണ് ഇൻഡിഗോ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. 0-24 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ വെറും ഒരു രൂപയ്ക്ക് യാത്ര ചെയ്യുകയും ആവാം.
ഒട്ടനവധി ജനപ്രിയ അധിക സേവനങ്ങളിലും എയർലൈൻ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഫാസ്‌റ്റ് ഫോർവേഡ് പ്രയോറിറ്റി സേവനങ്ങളില്‍ 70 ശതമാനം വരെയും, തിരഞ്ഞെടുത്ത ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്ഷണത്തിന് 10 ശതമാനം വരെയും കിഴിവുകള്‍ ലഭിക്കും. ഇൻഡിഗോയുടെ വെബ്സൈറ്റ്, ആപ്പ്, പങ്കാളി പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി ബുക്ക് ചെയ്യുന്ന മറ്റ് യാത്രാ അനുബന്ധ സേവനങ്ങളിലും ലാഭം നേടാം.
ഈ ഓഫറില്‍ ഉള്‍പ്പെടുന്ന ചില അന്താരാഷ്ട്ര റൂട്ടുകളും അവയുടെ ആരംഭ നിരക്കുകളും ഇങ്ങനെയാണ്: ചെന്നൈ-ധാക്ക 5999 രൂപ, ധാക്ക-കൊല്‍ക്കത്ത 6299 രൂപ, മുംബൈ-കാഠ്മണ്ഡു 6299 രൂപ, ഫുജൈറ-കണ്ണൂർ 6399 രൂപ. അബുദാബി-കോഴിക്കോട്/കൊച്ചി/മംഗളൂരു 6499 രൂപ, ചെന്നൈ-കൊളംബോ 6,599 രൂപ, കൊച്ചി-മാലി 6699 രൂപ, ചെന്നൈ-സിംഗപ്പൂർ, കുവൈറ്റ്-മുംബൈ 6899 രൂപ.
ഇത് കൂടാതെ വേറെയും റൂട്ടുകളില്‍ നിങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാനുള്ള അവസരം ഇൻഡിഗോ ഒരുകുന്നുണ്ട്. ഫുജൈറ-മുംബൈ, റാസ് അല്‍ ഖൈമ-കൊച്ചി/ഹൈദരാബാദ് 7,099 രൂപ, ലങ്കാവി-ബംഗളൂരു, ദുബായ്-കോഴിക്കോട് 7,199 രൂപ, തിരുവനന്തപുരം-മാലെ, റാസ് അല്‍ ഖൈമ-മുംബൈ 7,299 രൂപ എന്നിങ്ങനെയാണ് മറ്റു റൂട്ടുകളിലെ നിരക്കുകള്‍.
ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ വില്‍പ്പനയിലൂടെ ഇൻഡിഗോയുടെ വികസിച്ചു കൊണ്ടിരിക്കുന്ന ശൃംഖലയില്‍ പുതുതായി ചേർത്ത സ്ഥലങ്ങള്‍ സന്ദർശിക്കാൻ യാത്രക്കാരെ സഹായിക്കുക എന്നതും ലക്ഷ്യമിടുന്നതായി എയർലൈൻ വ്യക്തമാക്കി. നേരത്തെ ഇൻഡിഗോ തങ്ങളുടെ അന്താരാഷ്ട്ര കണക്റ്റിവിറ്റി വർധിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം.
എത്തിഹാദ് ഓഫറുകള്‍
അതേസമയം, എത്തിഹാദ് എയർവേയ്‌സ് വൈറ്റ് ഫ്രൈഡേ സെയിലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള വിമാന ടിക്കറ്റുകളില്‍ 35 ശതമാനം വരെ കിഴിവാണ് ഇതിലൂടെ ലഭിക്കുന്നത്. ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് നവംബർ 23 ഞായറാഴ്‌ച ആരംഭിച്ച ഈ ഒരാഴ്‌ചത്തെ ഓഫർ നവംബർ 30ന് അവസാനിക്കും.
2026 ജനുവരി 23നും ജൂണ്‍ 24 നും ഇടയിലായിരിക്കണം യാത്ര ചെയ്യേണ്ടത്. പുതിയ രാജ്യങ്ങള്‍ സന്ദർശിക്കാനോ പ്രിയപ്പെട്ടവരെ കാണാനോ നേരത്തെ യാത്രാ പദ്ധതികള്‍ തയ്യാറാക്കുന്നവർക്ക് ഈ ഓഫർ വളരെ അനുയോജ്യമാണ്. മാത്രമല്ല പെട്ടെന്നുള്ള യാത്രകള്‍ക്ക് പ്രയോജനപ്പെടുകയില്ലെങ്കിലും നേരത്തെ തയ്യാറാക്കിയ പദ്ധതികള്‍ അനുസരിച്ച് യാത്ര ചെയ്യുന്നവർക്ക് ഈ ഓഫർ ഗുണകരമാവും. മലയാളികള്‍ക്ക് ഉള്‍പ്പെടെ രണ്ട് കമ്ബനികളുടെയും ഓഫറുകള്‍ പ്രയോജനപ്പെടുത്താം
