ശബരിമല കേസ്; ‘സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഒരു മതത്തിൻ്റെ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ലെന്ന്’ സുപ്രിംകോടതി
ന്യൂഡൽഹി: സാമൂഹിക ക്ഷേമത്തിന്റെയും പരിഷ്കരണത്തിന്റെയും പേരിൽ ഒരു മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രിംകോടതി. ശബരിമല കേസിലെ പുനഃപരിശോധനാ ഹരജികൾ പരിഗണിക്കവെയാണ് ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം. ശബരിമലയിലെ അയപ്പപ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം.
കോടിക്കണക്കിന് ജനങ്ങൾ പിന്തുടരുന്ന മതവിശ്വാസം തെറ്റാണെന്ന് പ്രഖ്യാപിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. പൊതുതാൽപര്യ ഹരജി നൽകിയത് വിഷയവുമായി ബന്ധമുള്ള കക്ഷിയല്ലെന്ന് ജസ്റ്റിസ് നാഗരത്ന വിലയിരുത്തി. ഹരജിക്കാരുടേത് അനാവശ്യ ഇടപെടലാണെന്നായിരുന്നു മറ്റൊരു നിരീക്ഷണം.
ഒരു മതവിഭാഗത്തിന് അവരുടെ ആന്തരികമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിയന്ത്രിക്കാൻ അവകാശമുണ്ടെന്ന് ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചു. ‘ക്ഷേത്രങ്ങളുടെ പൊതുസ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ, അവിടുത്തെ പ്രത്യേകമായ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. അയ്യപ്പന് ആയിരത്തിലധികം ക്ഷേത്രങ്ങളുണ്ട്. നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കൽപ്പമാണ് ഈ ക്ഷേത്രങ്ങളിൽ നിന്ന് ശബരിമലയെ വ്യത്യസ്തമാക്കുന്നത്. ഈ പ്രതിഷ്ഠയുടെ പ്രശസ്തിയുടെയും ഭക്തിയുടെയും അടിസ്ഥാനം നൈഷ്ഠിക ബ്രഹ്മചര്യമാണ്. ഭക്തർ പോകുന്നതിന് മുമ്പ് 41 ദിവസത്തെ വ്രതം എടുക്കേണ്ടതുണ്ട്. സ്ത്രീകളെ പൂർണ്ണമായി ഒഴിവാക്കുന്നില്ല.10 വയസ്സിന് താഴെയുള്ളവർക്കും 50 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമുണ്ട്.’ സിംഗ്വി വ്യക്തമാക്കി. ശബരിമലയിൽ ലിംഗവിവേചനമല്ലെന്ന് വാദിച്ച സിംഗ്വി യുവതീപ്രവേശനം പാടില്ലെന്ന നയത്തിലേയ്ക്കാണ് വാദം കേന്ദ്രീകരിച്ചത്.





