ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 3 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി: തമിഴ് നാടോടി സ്ത്രീക്ക് 5 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ
കൊല്ലം: ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 3 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാടോടി സ്ത്രീക്ക് 5 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. കോയമ്പത്തൂർ മുക്കൂട് സ്വദേശിനി ദേവിയെ (35) ആണ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.കെഎസ്ആർടിസിയിലെ കണ്ടക്ടർ അനീഷിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ദേവി അറസ്റ്റിലായത്. അടൂരിൽ നിന്ന് ബസിൽ കയറുമ്പോൾ കണ്ടക്ടറുടെ കാലിൽ കുട്ടി മുറുകെ പിടിക്കുകയായിരുന്നു. സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ദേവിക്ക് തമിഴ് മാത്രമേ അറിയൂ എന്ന് മനസ്സിലായി. കുട്ടിക്ക് മലയാളം മാത്രമായിരുന്നു അറിയുക . തുടർന്ന് പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടു പോയതാണെന്നു തെളിയുകയായിരുന്നു. ഈ സംഭവങ്ങൾ നടക്കുന്നതിനിടെ കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന പരാതിയുമായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി.ഈസ്റ്റ് എസ്ഐ സവിരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കൽ, സോജാ തുളസീധരൻ എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.





