വോഡഫോൺ ഐഡിയ ഓഹരി വിലയിൽ നാല് ശതമാനം ഇടിവ്; കൂടുതൽ തകർച്ച പ്രവചിച്ച് ജെപി മോർഗൻ
മുംബൈ: പ്രമുഖ വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെപി മോർഗൻ റേറ്റിങ് താഴ്ത്തിയതിനെ തുടർന്ന് വോഡഫോൺ ഐഡിയയുടെ ഓഹരികൾ വ്യാഴാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ നാല് ശതമാനത്തിലധികം ഇടിഞ്ഞു. നിലവിലെ വിലയിൽ നിന്ന് 20 ശതമാനം വരെ ഇനിയും ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ജെപി മോർഗന്റെ വിലയിരുത്തൽ. ബിഎസ്ഇയിൽ വോഡഫോൺ ഐഡിയ ഓഹരികൾ 4.47% ഇടിഞ്ഞ് 11.32 രൂപ നിലവാരത്തിലെത്തി.വോഡഫോൺ ഐഡിയയുടെ റേറ്റിങ് ‘അണ്ടർവെയ്റ്റ്’ വിഭാഗത്തിലേക്കാണ് ജെപി മോർഗൻ മാറ്റിയിരിക്കുന്നത്. ഓഹരിയൊന്നിന് ഒമ്പത് രൂപയാണ് പുതിയ ടാർഗറ്റ് പ്രൈസ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ബുധനാഴ്ചത്തെ ക്ലോസിങ് വിലയേക്കാൾ 20 ശതമാനം കുറവാണ്.ബാങ്ക് വായ്പയിലെ അനിശ്ചിതത്വം, വിപണി വിഹിതത്തിലെ കുറവ് തുടങ്ങിയവയാണ് തിരിച്ചടിക്ക് കാരണമായി ജെപി മോർഗൻ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങൾ. ശൃംഖല വിപുലീകരിക്കുന്നതിനും ഉപഭോക്താക്കളെ നിലനിർത്തുന്നതിനും ആവശ്യമായ ബാങ്ക് ഫണ്ടിങ് കമ്പനിക്ക് ഇതുവരെ ലഭ്യമായിട്ടില്ല. 18,000 കോടി രൂപയുടെ എഫ്പിഒ വഴി സമാഹരിച്ച തുക ഉപയോഗിച്ച് കുറച്ച് മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, വിപണി വിഹിതം 19 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞു.അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ലാഭം മൂന്നിരട്ടിയാക്കുമെന്ന കമ്പനിയുടെ അവകാശവാദം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് ജെപി മോർഗൻ കരുതുന്നു. ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവരോട് മത്സരിച്ച് വിപണി പിടിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും അവർ നിരീക്ഷിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ വോഡഫോൺ ഐഡിയ പ്രൊമോട്ടറായ കുമാർ മംഗളം ബിർള ഓപ്പൺ മാർക്കറ്റിലൂടെ കമ്പനിയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയിരുന്നു. ജനുവരി 30 മുതൽ ഫെബ്രുവരി നാല് വരെയുള്ള കാലയളവിൽ ഏകദേശം 7.83 കോടി ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഓഹരി വില മൂന്ന് ശതമാനത്തോളം ഉയർന്നിരുന്നെങ്കിലും ജെപി മോർഗന്റെ റിപ്പോർട്ട് വന്നതോടെ വിപണി വീണ്ടും ഇടിവിലേക്ക് നീങ്ങി.വോഡഫോൺ ഐഡിയ ഓഹരി വില ഒരു മാസത്തിനുള്ളിൽ 15 ശതമാനമാണ് ഇടിഞ്ഞത്. മൂന്ന് മാസത്തിനുള്ളിൽ 10 ശതമാനവും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 47 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം അഞ്ച് വർഷത്തിനുള്ളിൽ 45 നേട്ടമാണ് രേഖപ്പെടുത്തിയത്.





