കറുത്ത പാടുകളുള്ള സവാള ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നമുണ്ടാകുമോ?
ബംഗളൂരു: കറുത്ത പാടുകളുള്ള സവാള ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നമുണ്ടാകുമോ? സമുഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് ധാരാളം സംവാദങ്ങളും തെറ്റായ പ്രചാരണങ്ങളും നടക്കുന്നു. കറുത്ത പാടുള്ള സവാള ഉപേക്ഷിക്കണമെന്നും കഴിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ആധികാരികമല്ലാത്ത അഭിപ്രായങ്ങൾ ധാരാളം സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്നു. ഇതോടെ പലരും സംശയത്തിലായി. എന്നാൽ കറുത്തപാട് അത്ര ഗുരുതരമായ പ്രശ്നമൊന്നുമല്ലെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.മഴക്കാലത്തും ഹുമിഡിറ്റിയുള്ള സമയത്തും സവാളയുടെ തൊലിയിൽ ഇങ്ങനെ കറുത്ത പാടുണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇത് പുറംതൊലിയിലാണെങ്കിൽ ആ തൊലി ഇളക്കിക്കളഞ്ഞശേഷം ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ലെന്നും ബംഗളൂരു ഫോർട്ടിസ് ഹോസ്പിറ്റലിലെ നൂട്രീഷനിസ്റ്റായ ശാലിനി അരവിന്ദ് പറയുന്നു. ‘അസ്പെർഗിലസ് നൈഗർ’ എന്ന ഒരു ഫംഗസാണ് ഇങ്ങനെ പാടുണ്ടാക്കുന്നത്. ഇതേ ഫംഗസ് കപ്പലണ്ടി, മുന്തിരി, ചില ധാന്യങ്ങൾ ഇവയിലും വരാറുണ്ട്. സവാളയുടെ ഉളളിലേക്ക് പ്രവേശിച്ച് അഴുകിയ നിലയിലാണെങ്കിൽ ഉപയോഗിക്കരുത്. എന്നാൽ പുറം തൊലിയിലാണെങ്കിൽ അതു മാറ്റി ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്ന് ശാനലിനി പറയുന്നു.അഴുകിയ നിലയിലുള്ള സവാള കഴിച്ചാൽ ഗാസ്ട്രോ ഇന്റസ്റ്റൈനൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് രാമയ്യ മെമ്മോറിയൽ ആശുപത്രിയിലെ ഡോ. ഹർഷവർധൻ റാവു പറയുന്നു.





