റെയ്ഡിനിടെ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ വിസമ്മതിച്ച് ഉടമ
ലക്നൗ: റെയ്ഡിനിടെ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ വിസമ്മതിച്ച് ഉടമ. ഉദ്യോഗസ്ഥർ നിർബന്ധിച്ചപ്പോൾ ഇയാൾ കൈകൂപ്പി നിരസിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഹാമിർപുരിലെ ഒരു മധുരപലഹാരക്കടയിൽ നടന്ന റെയ്ഡിലാണ് സ്വന്തം കടയിലെ ആഹാരം കഴിക്കാൻ ഉടമ വിസമ്മതിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മായം ചേർത്ത മധുരപലഹാരങ്ങൾ വിൽപ്പന നടത്തുന്നു എന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ റെയ്ഡിനിറങ്ങിയത്.സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരെയും പൊലീസിനെയും കൂട്ടിയാണ് കടയിൽ പരിശോധനയക്ക് എത്തിയത്. സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ കടയിൽനിന്നും മധുരപലഹാരം എടുത്ത് ഉടമയ്ക്ക് നൽകി കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വ്യാപാരി അതു കഴിക്കാൻ കൂട്ടാക്കാതെ കൈകൾ കൂപ്പി നിൽക്കുകയായിരുന്നു. ഇതേത്തുടർന്ന് പലഹാരങ്ങളുടെ സാംപിളുകൾ ശേഖരിക്കുകയും ബാക്കിയുള്ള വിൽപ്പന നടത്താതെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.





