നേപ്പാളിലെ മിന്നൽ പ്രളയം: മരണം 359, അപകടകാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും 359 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 300 ഇന്ത്യക്കാർ ഉൾപ്പെടെ 1200ലധികം പേരെ കാണാനില്ലെന്ന് നേപ്പാൾ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയിൽ നിന്ന് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പുറപ്പെട്ട 288 പേരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും രക്ഷാപ്രവർത്തന ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, അപ്രതീക്ഷിതമായ അപകടകാരണം ഹിമവിസ്ഫോടനമാണെന്ന ഐഎസ്ആർഒ വിലയിരുത്തി. ഹിമപാളി പൊട്ടിവീണത് വൻ ദുരന്തത്തിന് കാരണമായെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. തിബത്തൻ പർവ്വതനിരകളുടെ ഉയർന്ന ഭാഗങ്ങളിൽ നിന്നാണ് ദുരന്തത്തിന്‍റെ തുടക്കമെന്നാണ് നിഗമനം. അപ്രതീക്ഷിതമായി എത്തിയ മിന്നൽ പ്രളയത്തിൽ കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് നേപ്പാൾ സർക്കാർ നടത്തുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 1200ലധികം വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന സംശയവുമുണ്ട്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നത്. 12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തിൽ തകർന്നു. ഇത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പല സ്ഥലങ്ങളിലേക്കും റോഡ് മാർഗം എത്തിച്ചേരാൻ സാധിക്കുന്നില്ല. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. നേപ്പാൾ സർക്കാരുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.





