നേപ്പാളിലെ മിന്നല്‍ പ്രളയം; മരണം 170 ആയി, 142 ഇന്ത്യക്കാരടക്കം 800ലധികം പേരെ ഇനിയും കാണാനില്ല
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 170 ആയി. 142 ഇന്ത്യക്കാരടക്കം 403 വിനോദ സഞ്ചാരികളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. കേരളത്തിൽ നിന്ന് പുറപ്പെട്ട 36 അംഗം സംഘം സുരക്ഷിതരാണ്. ബിഹാറിലും, യുപിയിലും ജാഗ്രത തുടരുന്നു. അപ്രതീക്ഷിതമായി എത്തിയ മിന്നൽ പ്രളയത്തിൽ കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമമാണ് നേപ്പാൾ സർക്കാർ നടത്തുന്നത്. മരണ സംഖ്യ ഉയരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 403 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്ന സംശയവുമുണ്ട്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്. 12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തിൽ തകർന്നു. ഇത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പല സ്ഥലങ്ങളിലേക്കും റോഡ് മാർഗം എത്തിച്ചേരാൻ സാധിക്കുന്നില്ല. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. നേപ്പാൾ സർക്കാരുമായി ഇന്ത്യൻ എംബസി നിരന്തം ബന്ധപ്പെടുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നുള്ളവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. രണ്ട് സംഘങ്ങളായി പുറപ്പെട്ട 105 ഇന്ത്യക്കാർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. അതേസമയം രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ ഇന്ന് പ്രത്യേക സംഘത്തെ അയക്കും. അടിയന്തര സാധനങ്ങളുമായി ഇന്ത്യയുടെ C 130 ഹെർക്കുലീസ് നേപ്പാളിലേത്തിയിട്ടുണ്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജാഗ്രതയിലാണ്. ബിഹാറിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 86000 പേരെ ഒഴുപ്പിച്ചു.





