കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യം: പി. ജയരാജന്
കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യമാണെന്ന് മുതിര്‍ന്ന നേതാവ് പി. ജയരാജന്. സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക പോഡ്കാസ്റ്റായ മോട്ടോര്‍ സൈക്കിള്‍ ഡയറീസിലെ ആദ്യ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അണികളുടെ അഭിപ്രായം കേട്ട് തിരുത്തല്‍ നടത്തും. വലതുപക്ഷവുമായുള്ള രാഷ്ട്രീയ സ്വാധീനത്തില്‍ ഇടതുപക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കും. രാഷ്ട്രീയ സംഘടന പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടായി. ആരെങ്കിലും തെറ്റായ പ്രവണതക്ക് വിധേയമായിട്ടുണ്ടെങ്കില്‍ അക്കാര്യവും പരിശോധിക്കും. അങ്ങനെ ഇടതുപക്ഷം തിരിച്ചുവരവ് നടത്തുമെന്ന് ജയരാജന് കൂട്ടിച്ചേര്‍ത്തു. വി. കുഞ്ഞികൃഷ്ണന്, ടി.കെ. ഗോവിന്ദന്, ജി. സുധാകരന് എന്നിവര്‍ പോയത് പാര്‍ട്ടി ഗൗരവത്തോടെ പരിശോധിക്കും. ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള കാഡര്‍മാരാണ് പുറത്തുപോയത്. പ്രശ്നങ്ങള്‍ പറയേണ്ടിയിരുന്നത് പാര്‍ട്ടിയിലായിരുന്നു. എന്നാല്‍, പാര്‍ട്ടി ശത്രുക്കളുടെ കൂടെ ചേര്‍ന്ന് പാര്‍ട്ടിയെ ആക്രമിക്കുകയായിരുന്നു അവര്‍. അവരുടേത് താല്‍ക്കാലിക വിജയം മാത്രമാണ്. കെ.കെ. രാഗേഷിനെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്നും ജയരാജന് പറഞ്ഞു.





