ടിക്കറ്റിനൊപ്പം രേഖകളും കരുതണം; സ്‌പെഷല്‍ പരിശോധനാ ഡ്രൈവുമായി റെയില്‍വേ


തിരുവനന്തപുരം:: വ്യാജ ടിക്കറ്റുകളും ക്രമക്കേടുകളും തടയുന്നതിനായി ഒരു മാസം നീളുന്ന പ്രത്യേക പരിശോധനാ ഡ്രൈവുമായി ദക്ഷിണ റെയില്‍വേ. ടിക്കറ്റ് പരിശോധനയ്ക്ക് പുറമെ റിസര്‍വേഷന്‍ ആനുകൂല്യങ്ങളുടെ ദുരുപയോഗം തടയുക, റെയില്‍വേയുടെ വരുമാനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശോധന കര്‍ശനമാക്കുന്നത്. ഈ മാസം ഒന്നു മുതല്‍ ആംഭിച്ച പരിശോധന 30 വരെ തുടരും. ആനുകൂല്യങ്ങളോടെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍, പ്രത്യേക റിസര്‍വേഷന്‍ ക്വാട്ടകള്‍, വിവിധ റെയില്‍വേ പാസുകള്‍ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീനിയര്‍ സിറ്റിസണ്‍ ക്വാട്ട, ലേഡീസ് ക്വാട്ട, മിലിട്ടറി ക്വാട്ട, വിവിധ റെയില്‍വേ പാസുകള്‍ എന്നിവ വഴിയും മറ്റ് കണ്‍സെഷന്‍ നിരക്കുകളിലും ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവര്‍ അതിനുള്ള അര്‍ഹത തെളിയിക്കുന്ന രേഖകള്‍ പരിശോധന വേളയില്‍ കാണിക്കേണ്ടി വരും.

അസല്‍ രേഖകള്‍ മാത്രമേ പരിഗണിക്കൂവെന്നും പകര്‍പ്പുകളോ ഫോണിലെ ചിത്രങ്ങളോ രേഖയായി പരിഗണിക്കില്ലെന്നും റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. ഒന്നിലധികം പേര്‍ ഉള്‍പ്പെടുന്ന റിസര്‍വേഷന്‍ ടിക്കറ്റുകളില്‍ കുറഞ്ഞത് ഒരാളെങ്കിലും അസല്‍ രേഖ കാണിക്കേണ്ടതാണ്. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തവരെ ടിക്കറ്റില്ലാത്ത അനധികൃത യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button