വീട്ടുകാരുടെ മുന്നിൽ തികഞ്ഞ വെജിറ്റേറിയൻ; രഹസ്യമായി മീൻ കഴിച്ചു; 77-കാരനെ കുടുക്കിയത് മീൻമുള്ള്!
കാൻപൂർ: വീട്ടുകാരുടെ മുന്നിൽ തികഞ്ഞ സസ്യാഹാരിയായി ജീവിച്ച 77-കാരന്റെ രഹസ്യം ഒടുവിൽ പുറത്തായി. വർഷങ്ങളായി കുടുംബത്തിന്റെ കണ്ണുവെട്ടിച്ച് മീൻ കഴിച്ചിരുന്ന ഉത്തർപ്രദേശിലെ കാൺപൂർ ബറ സ്വദേശിയായ ഗംഗാ ബക്ഷിന്റെ കള്ളത്തരം പൊളിഞ്ഞത് തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയതോടെയാണ്. പാൻ കട നടത്തിവരുന്ന ഗംഗാ ബക്ഷിന് മീൻ കഴിക്കാൻ വലിയ ഇഷ്ടമായിരുന്നു. എന്നാൽ വീട്ടിലെ എല്ലാവരും വെജിറ്റേറിയൻസ് ആയതിനാൽ കുടുംബത്തിന്റെ കണ്ണുവെട്ടിച്ചായിരുന്നു മീൻ കഴിച്ചിരുന്നത്. ഇതിനിടെ ഒക്ടോബർ 25ന് മീൻ കഴിക്കുന്നതിനിടെ വലിയൊരു മുള്ള് തൊണ്ടയിൽ കുടുങ്ങി. വെള്ളം പോലും ഇറക്കാൻ കഴിയാത്തവിധം വേദനയും നീരും അനുഭവപ്പെട്ടതോടെ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ വിവിധ ആശുപത്രികളിലെത്തിച്ചു. നാലഞ്ച് തവണ ചികിത്സ തേടിയിട്ടും തൊണ്ടയിൽ കുടുങ്ങിയ മുള്ള് നീക്കം ചെയ്യാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. തുടർന്നാണ് നവംബർ പകുതിയോടെ കാൺപൂരിലെ എൽഎൽആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സഞ്ജയ് കാലയുടെ നേതൃത്വത്തിൽ സീനിയർ സർജൻ ഡോ. ആർ.കെ. ജൗഹരിയും സംഘവും വിശദമായ പരിശോധന നടത്തി.മീൻ കഴിച്ചിരുന്നോ എന്ന ഡോക്ടർമാരുടെ ചോദ്യത്തിന് താനും കുടുംബവും ശുദ്ധ സസ്യാഹാരികളാണെന്നായിരുന്നു ഗംഗാ ബക്ഷിന്റെ മറുപടി. എന്നാൽ എൻഡോസ്കോപ്പിയിലൂടെ തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തെടുത്തതോടെ അത് വലിയ മീൻമുള്ളാണെന്ന് വ്യക്തമായി. ഇതോടെ വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചിരുന്ന രഹസ്യവും പുറത്തായി. കള്ളത്തരം കൈയോടെ പിടിക്കപ്പെട്ടതോടെ വേദനയ്ക്കിടയിലും ചിരിച്ചുകൊണ്ടായിരുന്നു ഗംഗാ ബക്ഷിന്റെ പ്രതികരണം. “കള്ളം പിടിക്കപ്പെട്ടാൽ ഇങ്ങനെയൊക്കെ സംഭവിക്കും, ഇപ്പോൾ രഹസ്യം പുറത്തായി” എന്നായിരുന്നു അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ മറുപടി. ഏഴു ദിവസത്തോളം തൊണ്ടയിൽ കുടുങ്ങിക്കിടന്ന മീൻമുള്ള് നീക്കം ചെയ്തതോടെ ഗംഗാ ബക്ഷ് സുഖം പ്രാപിച്ചു. പിന്നാലെ കൊച്ചുമകൾക്കൊപ്പം ചിരിച്ചുകൊണ്ട് ആശുപത്രി വിടുകയും ചെയ്തു.





