ആർ. ശ്രീലേഖയുടെ രാജി: വി.വി രാജേഷ് ചട്ടവിരുദ്ധമായി പ്രവർത്തിച്ചു; തുടക്കം മുതലേ ശ്രീലേഖ അവഹേളിക്കപ്പെട്ടു: എസ്.പി ദീപക്
തിരുവനന്തപുരം: ആർ. ശ്രീലേഖയുടെ രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറാത്തതിൽ മേയർക്കെതിരെ വിമർശനവുമായി സിപിഎം. വി.വി. രാജേഷ് ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്ന് എൽഡിഎഫ് കക്ഷിനേതാവ് എസ്.പി ദീപക് കുറ്റപ്പെടുത്തി. ഭൂരിപക്ഷം തികയ്ക്കാൻ ബിജെപി പണം കൊണ്ട് ശ്രമിക്കുന്നുവെന്നും ഭരണം അധിക നാൾ നീണ്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.തുടക്കം മുതലേ ശ്രീലേഖ അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വന്നാൽ ശ്രീലേഖ മേയർ ആവുമെന്ന് പറഞ്ഞു, പക്ഷേ, പിന്നീട് രാജേഷ് മേയർ ആയി, പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടെന്നും അദ്ദഹം വിമർശിച്ചു. സുഗതനെ കാപ്പ ചുമത്തിയതിൽ ഒപ്പിട്ടത് ശ്രീലേഖ ഡിജിപി ആയി ഇരുന്നപ്പോളാണ്. എന്നാൽ ബിജെപി, കാപ്പാ കേസ് പ്രതിക്ക് സംരക്ഷണം ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.ഒമ്പത് മാസത്തെ ഭരണം കോർപ്പറേഷൻ ഭരണത്തെ തകർക്കുന്നതാണെന്നും മേയർ കെയർ പദ്ധതി വലിയ അഴിമതിയാണെന്നും ഇതാണ് അവരെ രാജിയിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയർ ചട്ടവിരുദ്ധമായി പ്രവർത്തിച്ചെന്നും ഭൂരിപക്ഷം തികയ്ക്കാൻ ബിജെപി പണം കൊണ്ട് ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതസമയം, കോര്‍പറേഷന്‍ മേയറായി തന്നെ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് ശ്രീലേഖയുടെ രാജിക്ക് പിന്നിലെന്നാണ് പ്രചരിക്കുന്ന വിവരം. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ വിരമിച്ചതിന് ശേഷം ബിജെപിയില്‍ സജീവമായിരുന്നു. തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ഥിയായി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുമെന്നും കരുതപ്പെട്ടിരുന്നു. എന്നാല്‍, വി.വി. രാജേഷിനെ മേയറാക്കാന്‍ ബിജെപി തീരുമാനിച്ചതോടെയാണ് ശ്രീലേഖ നേതൃത്വവുമായി അകന്നത്. പാര്‍ട്ടി തീരുമാനത്തിലുള്ള അമര്‍ഷം ശ്രീലേഖ പലപ്പോഴായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു. അതേസമയം, മേയര്‍ക്കു രാജിക്കത്തു നല്‍കിയ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ശ്രീലേഖയുമായി നേരിട്ടു ചര്‍ച്ച നടത്തുമെന്നാണ് വിവരം.





