പട്ടിക്കാട് റെയിൽവേ ഗേറ്റ് നാളെ മുതൽ അടച്ചിടും
പെരിന്തൽമണ്ണ : നിലമ്പൂർ – ഷൊർണൂർ റെയിൽ പാതയിലെ പട്ടിക്കാട് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനാൽ നാളെ (നവംബർ 10) മുതൽ റെയിൽവേ ഗേറ്റിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു.
മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണമെന്ന് മലപ്പുറം ആർ.ടി.ഒ അറിയിച്ചു. ഗതാഗത നിരോധനം നിലവിൽ വരുന്നതോടെ യാത്രക്കാർക്കായി ബദൽ മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പെരിന്തൽമണ്ണയിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പട്ടിക്കാട് ചുങ്കം ജങ്ഷനിൽ നിന്ന് മേലാറ്റൂർ റോഡിലേക്കും തുടർന്ന് പാണ്ടിക്കാട് റോഡിലേക്കും തിരിഞ്ഞുപോകണം. മലപ്പുറം, വളാഞ്ചേരി ഭാഗങ്ങളിൽ നിന്ന് നിലമ്പൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഓരാടം പാലം വഴി വലമ്പൂർ റോഡിലൂടെ പട്ടിക്കാട് വഴി പോകണമെന്നും അധികൃതർ നിർദേശിച്ചു. തെക്കൻ ജില്ലകളിൽ നിന്ന് ഊട്ടിയിലേക്ക് ഉൾപ്പെടെ പോകുന്ന നിരവധി വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. നിലവിൽ ഇതുവഴി പോകുന്ന വാഹനങ്ങളിൽ 60 ശതമാനവും ചരക്കുലോറികൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളാണ്.
വളാഞ്ചേരി – നിലമ്പൂർ സംസ്ഥാന പാതയിൽ (എസ്.എച്ച് 79) കാര്യവട്ടം, കീഴാറ്റൂർ വില്ലേജുകളിലായി ഏറ്റെടുത്ത 30.75 ആർ ഭൂമിയിലാണ് പട്ടിക്കാട് മേൽപ്പാലത്തിന്റെ പണികൾ പുരോഗമിക്കുന്നത്. കെ.ആർ.ഡി.സി.എല്ലിന്റെയും (KRDCL) ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും (ULCCS) നേതൃത്വത്തിലാണ് നിർമ്മാണം അതിവേഗം നടക്കുന്നത്. ദിനംപ്രതി 14 ട്രെയിൻ സർവീസുകൾക്കായി ലെവൽ ക്രോസ് അടച്ചിടുന്നത് മൂലം അനുഭവപ്പെടുന്ന വലിയ ഗതാഗതക്കുരുക്കിനാണ് പുതിയ മേൽപ്പാലം വരുന്നതോടെ ശാശ്വത പരിഹാരമാകുക. പുതിയ ട്രാഫിക് മാറ്റങ്ങൾ മനസ്സിലാക്കി ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.





