ഇന്ത്യ-ന്യൂസിലൻഡ് നാലാം ഏകദിനം ഇന്ന്; ഗില്ലിന് പകരം നായകനായി ശ്രേയസ് അയ്യർ
മൗണ്ട് മൗംഗനുയി (ന്യൂസിലൻഡ്): ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ നാലാം മത്സരം വെള്ളിയാഴ്ച മൗണ്ട് മൗംഗനുയിയിലെ ബേ ഓവലിൽ നടക്കും. ആദ്യ രണ്ട് കളികളും ജയിച്ച് ഏകപക്ഷീയ മുന്നേറ്റം നടത്തിയ സന്ദർശകർ ലക്ഷ്യമിടുന്നത് പരമ്പരയാണ്. മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനാൽ കിവികളെ സംബന്ധിച്ച് അടുത്ത രണ്ട് മത്സരങ്ങളും സ്വന്തമാക്കാനായാലേ മാനംകാക്കാനാവൂ. അല്ലെങ്കിൽ ട്വന്റി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ആതിഥേയരെ കൈവിടും. വലിയ മാറ്റങ്ങളോടെ ഇന്ത്യൻ ടീം ഇറങ്ങുന്നത്. ശുഭ്മൻ ഗിൽ ടെസ്റ്റ് പരമ്പരക്കായി തയാറെടുക്കാൻ ഏകദിന ടീം വിട്ടതോടെ ക്യാപ്റ്റൻസി ട്വന്റി20 നായകൻ ശ്രേയസ് അയ്യരെ ഏൽപിച്ചിരിക്കുകയാണ്. ഗില്ലിന് പുറമെ ബാറ്റർ കെ.എൽ. രാഹുൽ, പേസ് ബൗളിങ് ഓൾ റൗണ്ടർ അൻഷുൽ കംബോജ് എന്നിവരും ടെസ്റ്റ് പരിശീലനത്തിലാണ്. പകരം തിലക് വർമ, കുമാർ കുശാഗ്ര, യാഷ് താക്കൂർ എന്നിവർ ടീമിലെത്തി. ഇഷാൻ കിഷനാണ് നാലാം ഏകദിനത്തിൽ ഉപനായകൻ. ഗില്ലില്ലാത്തതിനാൽ രോഹിത്തിനൊപ്പം ഇഷാനോ ഋതുരാജ് ഗെയ്ക്വാദോ ഇന്നിങ്സ് ഓപൺ ചെയ്യും. രാഹുലിന് പകരം തിലകിനും വഴിതെളിയുന്നുണ്ട്. കംബോജിന്റെ അഭാവത്തിൽ സീനിയർ പേസർ മുഹമ്മദ് സിറാജിനെയും പരീക്ഷിച്ചേക്കും. ഏഴ് വർഷത്തിനുശേഷം സ്വന്തം നാട്ടിൽ ഒരു ഏകദിന പരമ്പര നഷ്ടപ്പെടാതിരിക്കാൻ ന്യൂസിലൻഡിന് ജയിച്ചേ തീരൂ. ടോം ലാതം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, നതാൻ സ്മിത്ത്, ഹെൻറി നിക്കോൾസ് എന്നിവർ ടെസ്റ്റ് തയാറെടുപ്പുകൾക്കായി മിച്ചൽ സാന്റ്നർ നയിക്കുന്ന ഏകദിന ടീമിൽ നിന്ന് മാറിയിട്ടുണ്ട്. സ്ക്വാഡ് ഇന്ത്യ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), രോഹിത് ശർമ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, തിലക് വർമ, അക്ഷർ പട്ടേൽ, നമൻ ധിർ, ആഖിബ് നബി, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, കുമാർ കുശാഗ്ര, യഷ് താക്കൂർ. ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), വിൽ യങ്, ടിം സീഫെർട്ട്, ഫിൻ അലൻ, മൈക്കൽ ബ്രേസ്വെൽ, ക്രിസ്റ്റ്യൻ ക്ലാർക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ഡീൻ ഫോക്സ്ക്രോഫ്റ്റ്, മിച്ച് ഹേ, മാറ്റ് ഹെൻട്രി, കൈൽ ജാമിസൺ, നിക്ക് കെല്ലി, ബ്രെറ്റ് റാൻഡൽ.





