പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’ -ചോറ്റുപാത്രത്തിൽ അഭിമന്യു എഴുതിയ കുറിപ്പ് ഹാജരാക്കി സാക്ഷി
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടിക്കിടെ കോടതി വൈകാരിക നിമിഷങ്ങൾക്കും സാക്ഷിയായി. ഒരു നേരത്തെ ഭക്ഷണം നൽകിയ സഹപാഠിക്ക് കൊല്ലപ്പെട്ട അഭിമന്യു എഴുതിയ കൃതജ്ഞതാ കുറിപ്പ് വിചാരണ കോടതിയിൽ സാക്ഷിയായ തംജിത് ഹാജരാക്കിയതാണ് വൈകാരിക നിമിഷങ്ങൾക്കിടയാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിസ്താരത്തിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ കൈപ്പടയിലുള്ള കുറിപ്പ് എതിർ ചേരിക്കാരനായ കോളജിലെ കെ.എസ്.യു ഭാരവാഹിയായിരുന്ന തംജിത്ത് ഹാജരാക്കിയത്. ‘പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, വയറുനിറയെ ഭക്ഷണം നൽകിയതിന് നന്ദി’ എന്നായിരുന്നു നോട്ടുബുക്കിലെ കടലാസിലെഴുതിയ ആ കുറിപ്പിലെ ഉള്ളടക്കം. ദാരിദ്ര്യത്തോട് പട പൊരുതിയാണ് അഭിമന്യു പഠനവും സംഘടന പ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോയതെന്ന് സാക്ഷി കോടതിയിൽ പറഞ്ഞു. ഭക്ഷണം നൽകിയ കുട്ടിയുടെ പാത്രത്തിലാണ് അഭിമന്യു ഈ കുറിപ്പ് വെച്ചിരുന്നത്. താനത് മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയായിരുന്നു. അഭിമന്യു വധിക്കപ്പെടുന്ന 2018 കാലത്ത് എസ്.എഫ്.ഐ മറ്റു സംഘടനകളുമായി സൗഹാർദത്തിലായിരുന്നുവെന്ന് തംജിത് പറഞ്ഞു. കെ.എസ്.യു നടത്തിയ പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിന് ആദ്യമെത്തിയത് അഭിമന്യുവായിരുന്നു. സംഭവ ദിവസം രാത്രി ഒന്നാം പ്രതി മുഹമ്മദ് വിളിച്ചിരുന്നു. കോളജ് ഗേറ്റിന് സമീപത്തുനിന്ന് തന്റെ ബൈക്ക് എടുത്തുമാറ്റണമെന്നാവശ്യപ്പെട്ടാണ് വിളിച്ചത്. പിന്നാലെയാണ് ആക്രമണ വിവരമറിഞ്ഞത്. അഭിമന്യുവിന്റെ വിയോഗം കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കി. മുക്തനാവാൻ ഒരു വർഷത്തോളമെടുത്തുവെന്നും സാക്ഷി മൊഴി നൽകി. എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ. ബാലകൃഷ്ണൻ മുമ്പാകെ പൊലീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഫോറൻസിക് വിദഗ്ദ്ധർ തുടങ്ങിയവരുടെ വിസ്താരം തുടരും.





