അമ്മയെ കുത്തിപ്പരിക്കേൽപിച്ച മകൻ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു
ഗുവാഹത്തി: അസമിൽ അമ്മയെ കുത്തിപ്പരിക്കേൽപിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. വെള്ളിയാഴ്ച ഗുവാഹത്തിയിലാണ് സംഭവം. അമ്മയെ ആക്രമിച്ചതിന് പിന്നാലെയാണ് വിദ്യാർഥി കെട്ടിടത്തിൽനിന്ന് വീണത്.ഈസ്റ്റ് ജ്യോതിനഗറിലെ ഹൽദി മില്ലിലുള്ള വീട്ടിൽവെച്ചാണ് വിദ്യാർഥി അമ്മ ചന്ദ്രാണി കലിതയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അമ്മയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.പിന്നീട് നഗരത്തിലെ എ.ബി.സി മേഖലയിലുള്ള കെട്ടിടത്തിൽനിന്ന് വിദ്യാർഥി താഴേക്ക് വീഴുകയായിരുന്നു. വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അമ്മയെ ആക്രമിക്കാനുണ്ടായ കാരണം എന്താണെന്നോ രണ്ട് സംഭവങ്ങൾക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നോ വ്യക്തമായിട്ടില്ല. അമ്മയെ കുത്തിയശേഷം വിദ്യാർഥി വീട്ടിൽനിന്ന് പുറത്തേക്ക് നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.





