ഗതാഗത നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്തവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം: ദേശീയപാത 66-ൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് യാത്ര ചെയ്തവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. എക്സിറ്റ് പോയിന്റിലൂടെ ഹൈവേയിലേക്ക് പ്രവേശിക്കുകയും എൻട്രി പോയിന്റിലൂടെ പുറത്തുകടക്കുകയും ചെയ്ത 22 വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ബന്ധപ്പെട്ട ലൈസൻസ് അതോറിറ്റിക്ക് ശുപാർശ ചെയ്തു. നിയമലംഘകരുടെ പട്ടികയിൽ ഡോക്ടറും കോഴിക്കോട്– ഗുരുവായൂർ റൂട്ടിലോടുന്ന ദീർഘദൂര ബസ് ഡ്രൈവറും ഉൾപ്പെടുന്നു.
ദേശീയപാതയിലെ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ല ആർടിഒ ബി ഷഫീക്കിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച 24 മണിക്കൂർ പെട്രോളിങ്ങിന്റെ ഭാഗമായാണ് നടപടി. ഒന്നാം തീയതി മുതൽ രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള ദേശീയപാതയിൽ രാപ്പകൽ പരിശോധന തുടരുകയാണ്.
ഇന്നലെ ദേശീയപാതയിൽ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് എൻട്രി, എക്സിറ്റ് പോയിന്റുകൾ തെറ്റായി ഉപയോഗിച്ച 22 ഡ്രൈവർമാരെ കണ്ടെത്തിയത്. പൂക്കിപ്പറമ്പിലെ എൻട്രി പോയിന്റിലൂടെ ദേശീയപാതയിൽനിന്ന് പുറത്തുകടന്ന കോഴിക്കോട്– ഗുരുവായൂർ റൂട്ടിലെ ദീർഘദൂര ബസും നടപടിക്ക് വിധേയമായി. ഡോക്ടറുടെ വാഹനവും സമാനമായ രീതിയിൽ ഗതാഗത നിയമം ലംഘിച്ചതായി കണ്ടെത്തി. ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 22 പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയതിനു പുറമെ എല്ലാവർക്കുമെതിരെ ചലാൻ തയ്യാറാക്കി പ്രോസിക്യൂഷൻ നടപടികൾക്കായി കോടതിയിലേക്ക് അയച്ചു.
അപകടകരമായ പാർക്കിങ്, റോഡ് റെഗുലേഷൻ ലംഘനം, തെറ്റായ ലൈൻ ട്രാഫിക്, അമിതവേഗം എന്നിവയും പെട്രോളിങ്ങിനിടെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ദീർഘദൂര യാത്രയ്ക്കിടെ ആറുവരിപ്പാതയിൽത്തന്നെ വാഹനങ്ങൾ നിർത്തിയിട്ട് വിശ്രമിക്കുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിൽ നടപടി കൂടുതൽ കർശനമാക്കുകയാണ്. ദേശീയപാതയിലെ പ്രധാന പാതയിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെയും നടപടി കർശനമാക്കിയിട്ടുണ്ട്.
ജില്ലാ ആർ ടി ഒ ബി ഷഫീക്കിന്റെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി എംവിഐമാരായ പി കെ മുഹമ്മദ് ഷെഫീക്ക്, കെ സൈദാലിക്കുട്ടി, എഎംവിഐമാരായ ഷബീർ പാക്കാടൻ, ടി പ്രബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കുന്നതിനൊപ്പം ഡ്രൈവർമാർക്ക് സുരക്ഷിത യാത്രക്ക് റോഡ് സുരക്ഷാ ബോധവൽക്കരണവും നൽകുന്നുണ്ട്.
ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥികൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ജില്ലാ ആർടിഒ ബി ഷഫീക്കിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ബോധവൽക്കരണ പരിപാടിയും ആരംഭിക്കും. ദേശീയപാതയോരത്തെ സ്കൂളുകളിലെ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാർഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം നൽകാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.





