കൊല്ലത്ത് പോലീസുകാരന്റെ ബുള്ളറ്റ് കത്തിച്ച കേസിൽ വൻ ട്വിസ്റ്റ്; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്
കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. അഞ്ചൽ ആർച്ചലിൽ ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിലായി. ശൂരനാട് സ്വദേശിനി ആരതി, ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥനായ വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത ആരതിയെ എലി വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. ആറന്‍മുള സിവിൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ആർച്ചൽ സ്വദേശി വിവേകിന്‍റെ ബുള്ളറ്റാണ് കത്തിനശിച്ചത്. വിവേകിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. പുനലൂരിലെ കോളജിൽ വെച്ച് അടിച്ചതിനുള്ള മറുപടിയാണിതെന്നാണ് ഭീഷണിക്കത്തിലുള്ളത്. സിപിഎം കളിച്ചല്ലേ താൻ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോയെന്നും ഭീഷണിക്കത്തിലുണ്ട്. സംഭവത്തിൽ പിടിയിലായ യുവതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ കഴിഞ്ഞ വർഷം പുനലൂർ കോളജ് സംഘർഷത്തിൽ പൊലീസ് മർദനമേറ്റ ആളുകളെ കേന്ദ്രീകരിച്ച് അഞ്ചൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് യുവതികളെ പിടികൂടിയത്.





