11 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് നായക്കൂട്ടിലാക്കി ജീവനോടെ കാട്ടിൽ കുഴിച്ചുമൂടി; പിന്നീട് സംഭവിച്ചത്
വാഷിങ്ടൺ: അമേരിക്കയിലെ സൗത്ത് കാരോലൈനയിൽ നായ്ക്കൂട്ടിലാക്കി മണ്ണിനടിയിൽ ജീവനോടെ കുഴിച്ചുമൂടപ്പെട്ട 11 മാസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. കോആ ഷാർപ്പ് (Koa Sharp) എന്ന കുഞ്ഞിനെയാണ് കാണാതായതായി പരാതി ലഭിച്ച് ഏകദേശം 24 മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് മൈക്കൽ കോമറിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ച അമ്മയുടെ വീട്ടിൽ നിന്ന് മൈക്കൽ കോമർ കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് കുട്ടിയെ കാണാതായത്. അന്നേ ദിവസം വൈകുന്നേരം മറ്റൊരു കവർച്ചാക്കേസിൽ കോമറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുഞ്ഞ് ഇയാളോടൊപ്പം ഉണ്ടായിരുന്നില്ല. തുടർന്ന് കുഞ്ഞിനായുള്ള തിരച്ചിൽ ഉദ്യോഗസ്ഥർ ഊർജിതമാക്കുകയായിരുന്നു.വനമേഖലയിൽ നടത്തിയ തിരച്ചിലിൽ രക്ഷാപ്രവർത്തനംപൊലീസും ഫയർ വിഭാഗം ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ചൊവ്വാഴ്ച പിതാവിന്റെ വീടിന് സമീപമുള്ള കാടിനുള്ളിൽ മണ്ണ് ഇളകിയ നിലയിൽ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഉദ്യോഗസ്ഥർ മണ്ണ് നീക്കി പരിശോധിക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്ന് മണ്ണിനടിയിൽ നായ്ക്കൂട്ടിനുള്ളിൽ അടച്ച നിലയിൽ കുഞ്ഞിനെ പുറത്തെടുത്തു. പിതാവാണ് കുഞ്ഞിനെ ഇത്തരത്തിൽ കുഴിച്ചുമൂടിയതെന്നാണ് പൊലീസിന്റെ ആരോപണം.കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരംരക്ഷപ്പെടുത്തിയ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി പൂർണമായും സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തൂവാലയിൽ പൊതിഞ്ഞ നിലയിലായിരുന്ന നായ്ക്കൂട്ടിനുള്ളിൽ വായുസഞ്ചാരം ലഭിച്ചതും പ്രദേശത്തെ തണുത്ത കാലാവസ്ഥയുമാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സഹായകമായതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ മൈക്കൽ കോമറിനെതിരെ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തുന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.





