സംഘ്പരിവാർ സംഘടനയുടെ സ്കോളർഷിപ്പ് പരീക്ഷ; സ്കൂളുകളിൽ നടത്താനുള്ള അനുമതി വിദ്യാഭ്യാസ മന്ത്രി റദ്ദാക്കി
തിരുവനന്തപുരം: ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസിക സംസ്ഥാനത്തെ സ്കൂളുകളിൽ നടത്താനിരുന്ന സ്കോളർഷിപ്പ് പരീക്ഷയുടെ അനുമതി റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉത്തരവിട്ടു. സംഘ്പരിവാർ സംഘടനയുടെ കീഴിലുള്ള മാസിക സംഘടിപ്പിക്കുന്ന ‘യങ് സ്കോളർ എക്സാമിന്’ പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ അനുമതി നൽകിയത് വിവാദമായിരുന്നു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെടുകയും, പിന്നാലെ പരീക്ഷയ്ക്കുള്ള അനുമതി പിൻവലിക്കാൻ നിർദേശം നൽകുകയുമായിരുന്നു. മയിൽപ്പീലി മാസികയും ആർ.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘യങ് സ്കോളർ എക്സാമിനാണ്’ വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാട്ടിയത്. സംഘടനയുടെ ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചായിരുന്നു ഈ നടപടി. ദേശീയ അധ്യാപക പരിഷത്തിന് ഇത്തരമൊരു പരീക്ഷ നടത്താൻ വകുപ്പിന്റെ അനുമതി ലഭിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമായാണ്. യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടക്കുന്ന ഈ പരീക്ഷയുടെ ബ്രാൻഡ് അംബാസഡർ നടൻ ഉണ്ണി മുകുന്ദനാണ്.





