പത്ത് ലക്ഷം ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തി; ഡി സി സി അംഗം സുഹൈല്‍ ഷാജഹാന് അറസ്റ്റില്‍
തിരുവനന്തപുരം | പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസില്‍ ഡി സി സി അംഗം സുഹൈല്‍ ഷാജഹാന് അറസ്റ്റില്‍. എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയാണ് സുഹൈല്‍. ഡോ. സബൈന്‍ ശിവദാസന്റെ പരാതിയിലാണ് പേട്ട പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ്സ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനാണ് സുഹൈല്‍ ഷാജഹാന്.
കഴിഞ്ഞ ശനിയാഴ്ച ഒരു ചാനലില്‍ ആശുപത്രിയെ സംബന്ധിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത വന്നിട്ടുണ്ടെന്നും ഇത് പിന്‍വലിക്കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും ആയിരുന്നു സുഹൈല്‍ ഷാജഹാന് ഉള്‍പ്പെടുന്ന സംഘത്തിന്റെ ഭീഷണി. എന്നാല്‍, ആദ്യം അതിന് തയ്യാറാകാതിരുന്ന ഡോക്ടര്‍, ഷാജഹാന് വീണ്ടും ബന്ധപ്പെട്ടപ്പോള്‍ പണം കൊടുക്കാമെന്ന് അറിയിക്കുകയും ഇന്ന് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച പണം കൈപ്പറ്റാനെത്തിയ തങ്ങള്‍ പൂട്ടിയിടുകയും പോലീസിനെ അറിയിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.
കൊച്ചിയിലെ കാപ്പ കേസ് പ്രതികളുടെ വിവാദയോഗം ഏകോപിപ്പിച്ചത് സുഹൈല്‍ ഷാജഹാന് ആയിരുന്നു. യോഗത്തില്‍ കെ സുധാകരന് പങ്കെടുത്തത് വിവാദമായിരുന്നു.





