തിക്കോടിയിൽ സ്പീഡ് ട്രാക്കിലൂടെ തെറ്റായ ദിശയിൽ ഓട്ടോറിക്ഷ; ആംബുലൻസുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിക്കോടി: തിക്കോടിക്കും നന്തിക്കുമിടയിൽ ദേശീയപാതയിലെ ആറുവരിപ്പാതയിൽ തെറ്റായ ദിശയിൽ (വൺവേ തെറ്റിച്ച്) എത്തിയ ഓട്ടോറിക്ഷ, എതിരെ വന്ന ആംബുലൻസിൽ ഇടിക്കാതെ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ആറുവരിപ്പാതയിലെ അതിവേഗ പാതയിലൂടെയാണ് (സ്പീഡ് ട്രാക്ക്) നിയമം ലംഘിച്ച് ഓട്ടോറിക്ഷ എതിർദിശയിലേക്ക് പാഞ്ഞെത്തിയത്. ഇതേസമയം, ശരിയായ ദിശയിലൂടെ വരികയായിരുന്ന ആംബുലൻസിന് തൊട്ടുമുന്നിലാണ് ഓട്ടോറിക്ഷ എത്തിയത്. ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലും പെട്ടെന്ന് വാഹനം വെട്ടിച്ചു മാറ്റിയതുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
ഇതിന്റെ ദൃശ്യങ്ങൾ ആംബുലൻസിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പലയിടങ്ങളിലും ദൂരം ലാഭിക്കുന്നതിനായി വാഹനങ്ങൾ വൺവേ തെറ്റിച്ച് ഓടിക്കുന്നതും പ്രദേശത്ത് സ്ഥിരം അപകടഭീഷണി ഉയർത്തുന്നുണ്ട്. സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
സംഭവത്തെക്കുറിച്ച് ആംബുലന്‍സ് ഡ്രൈവര്‍ അനസ് പറയുന്നു; ”ഇന്നലെ വൈകുന്നേരം 5.15ന് രോഗിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. തിക്കോടി പള്ളി കഴിഞ്ഞ് അല്പം മുന്നോട്ടു പോയപ്പോഴാണ് സ്പീഡ് ട്രാക്കിലൂടെ തെറ്റായ ദിശയില്‍ വന്ന ഓട്ടോറിക്ഷ ശ്രദ്ധയില്‍പ്പെട്ടത്. റോഡില്‍ ടേണിങ്ങുള്ള ഭാഗമാണ്. ഭാഗ്യം കൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നത്. ഇവിടെ രണ്ട് ഭാഗത്തും സര്‍വ്വീസ് റോഡ് ഉള്ളതിനാല്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ വരുന്നത് ഒട്ടും പ്രതീക്ഷിക്കില്ല.”





