ഓർഡർ ചെയ്തത് 40,000 രൂപയുടെ ഫോൺ; ലഭിച്ചത് പഴയ ഡമ്മി ഫോൺ! തട്ടിപ്പിനിരയായി വടകര സ്വദേശി
____________________________________________________
_________________________________________
ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിൽ നിന്ന് 40,000 രൂപയിലധികം വിലയുള്ള ഫോൺ ഓർഡർ ചെയ്ത വടകര സ്വദേശിക്ക് ലഭിച്ചത് പഴയ ഡമ്മി വിവോ ഫോൺ. പുത്തൻപീടികയിൽ എം.ആർ. ഹരികൃഷ്ണനാണ് ദുരനുഭവമുണ്ടായത്.
പഴയ വൺപ്ലസ് നോർഡ് സി.ഇ3 5ജി ഫോൺ എക്സ്ചേഞ്ച് ചെയ്താണ് പുതിയ ഓപ്പോ റെനോ 16സി ഓർഡർ ചെയ്തത്. ഡെലിവറി നേരിട്ട് വാങ്ങുന്നതിനായി ആമസോണിന്റെ വടകരയിലെ വെയർഹൗസിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
എക്സ്ചേഞ്ച് നടപടികൾ പൂർത്തിയാക്കി 40,430 രൂപ നൽകിയ ഹരികൃഷ്ണൻ സിം കാർഡ് ഇടുന്നതിനായി ജീവനക്കാരുടെ മുന്നിൽവെച്ച് പാക്കറ്റ് തുറന്നപ്പോഴാണ് പുതിയ ഫോണിന് പകരം പഴയ ഡമ്മി വിവോ ഫോൺ കണ്ടെത്തിയത്.
സംഭവം ഉടൻ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ച് പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. വെയർഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങളും തെളിവായുണ്ടെന്നാണ് വിവരം. ആദ്യം പഴയ ഫോൺ തിരികെ നൽകാനാകില്ലെന്ന് അറിയിച്ചെങ്കിലും താൽക്കാലികമായി കുറച്ചുദിവസത്തേക്ക് അത് തിരികെ നൽകി.
സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയിട്ടും പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്നാണ് ഹരികൃഷ്ണൻ പറയുന്നത്.
ആമസോൺ അധികൃതർക്ക് ഇമെയിൽ വഴിയും പരാതി നൽകിയിട്ടുണ്ട്. നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ, കേരള പൊലീസിന്റെ ‘തുണ’ പോർട്ടൽ എന്നിവിടങ്ങളിലും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‘ഇ-ജാഗ്രതി’ പോർട്ടൽ വഴി ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് ഹരികൃഷ്ണന്റെ തീരുമാനം.





