ഇരിക്കൂറിലെ കുഞ്ഞാമിന വധക്കേസ്; രണ്ടാം പ്രതി പത്ത് വർഷത്തിന് ശേഷം പിടിയിൽ
കണ്ണൂർ: ഇരിക്കൂറിൽ വലിയ കോളിളക്കം സൃഷ്ടിച്ച കുഞ്ഞാമിന വധക്കേസിലെ രണ്ടാം പ്രതി പത്ത് വർഷത്തിന് ശേഷം പിടിയിലായി. അബ്ബാസ് അലിയെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഡൽഹിയിൽ നിന്ന് പിടികൂടിയത്. ഇതോടെ കേസിലെ മൂന്ന് പ്രതികളും പോലീസ് വലയിലായി. 2016 ഏപ്രിൽ 30-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
വസ്ത്രവ്യാപാരികളെന്ന വ്യാജേന കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയ കുഞ്ഞാമിനയെ കെട്ടിയിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം, ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണവും പണവും കവർന്ന് പ്രതികൾ നാടുവിടുകയായിരുന്നു.
ആദ്യഘട്ടത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2026 മാർച്ച് 24-ന് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായി.
മധ്യപ്രദേശിൽ വ്യാജ പേരുകളിൽ ഒളിവിൽ താമസിച്ചിരുന്ന കേസിലെ ഒന്നും മൂന്നും പ്രതികളായ പർവീൺ ബാബുവിനെയും മകൾ സക്കീന ഫാത്തിമയെയും ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഡൽഹിയിലെത്തി അബ്ബാസ് അലിയെ വലയിലാക്കിയത്.





