ക്രിക്കറ്റ് പ്രേമികളാരും മറന്നുകാണില്ല! തലമുറകൾ ആഘോഷിച്ച നീളൻ മുടിയും മൊട്ടത്തലയും മോഹോക്കും; ധോണിയുടെ അഞ്ച് സ്റ്റൈലുകൾ…
ക്രിക്കറ്റ് മൈതാനത്തെ തകർപ്പൻ പ്രകടനങ്ങളിലൂടെ മാത്രമല്ല, ഫാഷൻ ലോകത്തും പലപ്പോഴായി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി. വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ, വസ്ത്രധാരണരീതികൾ, ഏഴാം നമ്പർ ജേഴ്സിയെന്ന ഐക്കൺ തുടങ്ങിയവയിലൂടെ അദ്ദേഹം പലകാലങ്ങളിലായി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. കരിയറിന്റെ തുടക്കംതൊട്ടേ ശ്രദ്ധിച്ചവർക്കറിയാം, തലമുറകൾ ആഘോഷമാക്കിയ ധോണിയുടെ ഹെയർസ്റ്റൈലും വ്യത്യസ്തമായ ലുക്കുകളും. പല ഫാഷൻ ട്രെൻഡുകളും ജനപ്രിയമാകുന്നതിന് മുൻപേ ധോണി അവ പരീക്ഷിച്ചിരുന്നു. വ്യത്യസ്ത സമയങ്ങളിലായി അദ്ദേഹം കൊണ്ടുവന്ന് ട്രെൻഡാക്കിയ അഞ്ച് ശ്രദ്ധേയമായ സ്റ്റൈലുകൾ ഏതെല്ലാമെന്ന് നോക്കാം. സ്വർണനിറത്തിലുള്ള നീളൻ തലമുടി 2004ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സമയത്താണ് ധോണിയുടെ സ്വർണനിറത്തിലുള്ള നീളൻ തലമുടി ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. തോളിലേക്ക് വീണുകിടക്കുന്ന ഹൈലൈറ്റ് ചെയ്ത മുടി അക്കാലത്തെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ അത്ര കണ്ട് പരിചയിച്ച ഒന്നായിരുന്നില്ല.പതിവ് രൂപത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ധോണിയുടെ ഈ ലുക്ക് യുവാക്കൾക്കിടയിൽ അതിവേഗം തരംഗമാവുകയായിരുന്നു. പിന്നാലെ നിരവധി ആരാധകരാണ് സമാനമായ ഹെയർസ്റ്റൈൽ പരീക്ഷിച്ചുനോക്കിയത്. 2011 ലോകകപ്പ് ജയത്തിന് ശേഷമുള്ള മൊട്ടത്തല 2011 ഏപ്രിൽ രണ്ടിന് ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ ധോണി വീണ്ടും ആരാധകരെ ഞെട്ടിച്ചു. അതുവരേയ്ക്കും നീളൻ മുടിക്കാരനെന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ധോണി പെട്ടെന്ന് തല മൊട്ടയടിച്ച്, പുതിയ രൂപത്തിലാണ് അന്ന് പ്രത്യക്ഷപ്പെട്ടിരുന്നത്.അപ്രതീക്ഷിതമായ ഈ മാറ്റം അന്ന് വലിയ ചർച്ചയായിരുന്നു. വ്യത്യസ്തങ്ങളിൽ വ്യത്യസ്തം ഈ മോഹോക്ക് ഹെയർസ്റ്റൈൽ 2013ൽ മോഹോക്ക് സ്റ്റൈലിനോട് സാമ്യമുള്ള വ്യത്യസ്തമായ ഹെയർസ്റ്റൈലുമായാണ് ധോണി ആരാധകർക്ക് മുന്നിലെത്തിയിരുന്നത്. റാഞ്ചിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ട്വന്റി-20 മത്സരത്തിനിടെ ഹെൽമറ്റ് അഴിച്ചപ്പോഴാണ് താരത്തിന്റെ പുതിയ ലുക്ക് എല്ലാവരും ശ്രദ്ധിച്ചത്.ഈ സ്റ്റൈൽ മാധ്യമങ്ങളിൽ അന്നുകാലങ്ങളിൽ വലിയ വാർത്തയായിരുന്നു.’ക്യാപ്റ്റൻ പങ്ക്’ എന്നായിരുന്നു ചില പത്രങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സമുറായി പോണിടെയ്ൽ ധോണി തന്റെ സ്റ്റൈൽ പരീക്ഷണങ്ങൾ അവസാനിപ്പിച്ചെന്ന് ആരാധകർ കരുതിയ സമയത്താണ് വീണ്ടും പുതിയ ലുക്കുമായി താരത്തിന്റെ രംഗപ്രവേശനം. 2024 ഐപിഎല്ലിനിടെ നീളൻ മുടി പിന്നിലേക്ക് കെട്ടിയ സമുറായി പോണിടെയ്ൽ സ്റ്റൈലിലാണ് അന്ന് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.പഴയ നീളൻ മുടിയുള്ള ധോണിയെ ഓർമിപ്പിച്ച ഈ രൂപം സോഷ്യൽ മീഡിയയും ക്രിക്കറ്റ് ആരാധകരും ഏറെ ആഘോഷമാക്കിയിരുന്നു. തല സെവൻ ഫോർ എ റീസൺ; ഫേഷൻ ഐഡന്റിറ്റിയായി ഏഴാം നമ്പർ സാധാരണ ഗതിയിൽ ചില ഫാഷൻ ട്രെൻഡുകൾ നിറങ്ങളിലൂടെയും വസ്ത്രധാരണത്തിലൂടെയുമാണ് ശ്രദ്ധ നേടാറുള്ളത്. എന്നാൽ, ധോണിയുടെ ഏഴാം നമ്പർ ജഴ്സിയെന്നാൽ അദ്ദേഹത്തിന്റെ സ്വന്തം വ്യക്തിത്വമെന്ന നിലയിൽ കൂടി പ്രചാരം നേടുകയായിരുന്നു.1981 ജൂലൈ ഏഴിനാണ് ധോണി ജനിച്ചത്. ഇക്കാരണത്താലാണ് ഏഴാം നമ്പർ ജഴ്സി തിരഞ്ഞെടുത്തെന്ന് അദ്ദേഹം തന്നെ മുൻപൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ഈ നമ്പർ ധോണിയുടെ പേരുമായും, ചെന്നൈ സൂപ്പർ കിങ്സുമായും ഏറെ ബന്ധപ്പെട്ട ഒന്നായി മാറുകയും ചെയ്തു. നേരത്തെ, 2023 ഡിസംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ധോണിയുടെ ഏഴാം നമ്പര്‍ ജഴ്സി പിൻവലിക്കുന്നതായി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സച്ചിന് ടെന്ഡുല്ക്കറിനുശേഷം ഈ ആദരം ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് ധോണി.





