ഇന്റർനെറ്റ് ഇല്ലാതെ വീടിനെ നിയന്ത്രിക്കും; ശ്രദ്ധ നേടി 16കാരന്റെ ഓഫ്ലൈൻ സ്മാർട്ട് ഹോം `ജാർവിസ്’
അയൺമാൻ സിനിമയിലെ ടോണി സ്റ്റാർക്കിന്റെ വെർച്വൽ അസിസ്റ്റന്റായ ജാർവിസിനെ അറിയില്ലേ… അതുപോലൊന്ന് 16കാരനായ റിദിത് കുമാവത്തിന്റെ വീട്ടിലുമുണ്ട്. ലൈറ്റുകളും ഫാനുകളും ശബ്ദനിർദേശങ്ങളിലൂടെ നിയന്ത്രിക്കാൻ സ്വന്തമായി വികസിപ്പിച്ചത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് റിദിത് ഇത് പരിചയപ്പെടുത്തിയത്. ‘എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക’, ‘ഫാൻ ഓഫ് ചെയ്യുക’ തുടങ്ങിയ നിർദേശങ്ങൾ നൽകുമ്പോൾ ഉപകരണങ്ങൾ അതനുസരിച്ച് പ്രവർത്തിക്കുന്നത് വിഡിയോയിൽ കാണാം. ചെറിയൊരു ഉപകരണത്തിലൂടെ മുറിയിലെ ഉപകരണങ്ങളെല്ലാം നിയന്ത്രിക്കാനാകുമെന്ന് റിദിത് പറയുന്നു. മൈക്രോഫോണിലൂടെ ശബ്ദനിർദേശങ്ങൾ സ്വീകരിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. നിർദേശം തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പ്രവർത്തനം നടത്തും. ഇതോടെ സ്വിച്ച്ബോർഡിനടുത്തേക്ക് പോകാതെ തന്നെ ലൈറ്റുകളും ഫാനുകളും പ്രവർത്തിപ്പിക്കാനും ഓഫ് ചെയ്യാനും കഴിയും. എന്നാൽ, ഉപകരണത്തിന്റെ ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ശബ്ദം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ എന്നിവയുടെ വിശദാംശങ്ങൾ റിദിത് വെളിപ്പെടുത്തിയിട്ടില്ല. ഗൂഗിൾ ഹോം, അലക്സ തുടങ്ങിയ വോയ്സ് അസിസ്റ്റന്റുകളിൽനിന്ന് വ്യത്യസ്തമായി ഇന്റർനെറ്റിന്റെ സഹായമില്ലാതെ പ്രവർത്തിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഇടങ്ങളിലും ഇത് ഉപയോഗിക്കാം. ശബ്ദം ഇന്റർനെറ്റ് വഴി പുറത്തേക്ക് പോകാത്തതിനാൽ സ്വകാര്യതയ്ക്ക് ഇത് ഗുണം ചെയ്യും. എന്നാൽ ശബ്ദവിവരങ്ങൾ ഉപകരണത്തിൽ എങ്ങനെയാണ് സൂക്ഷിക്കുന്നതെന്ന് റിദിത് വ്യക്തമാക്കിയിട്ടില്ല. അയൺമാനിലെ ജാർവിസിന്റെ എല്ലാ കഴിവുകളും ഈ സംവിധാനത്തിനില്ല. ചോദ്യങ്ങൾക്ക് മറുപടി പറയുന്ന വലിയ എഐ അസിസ്റ്റന്റുകളെ പോലെയല്ല ഇത്. മുൻകൂട്ടി പഠിപ്പിച്ച നിർദേശങ്ങൾ കേട്ട് ലൈറ്റും ഫാനും പോലുള്ള ഉപകരണങ്ങൾ ഓണാക്കാനും ഓഫാക്കാനും മാത്രം കഴിയുന്ന ലളിതമായ ഹോം ഓട്ടോമേഷൻ സംവിധാനമാണിത്. പദ്ധതിയുടെ റിപ്പോസിറ്ററി ലിങ്കും പൂർണ വിവരങ്ങളും ഗിറ്റ്ഹബിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും താൽപര്യമുള്ളവർക്ക് പരിശോധിക്കാമെന്നും റിദിത് വിഡിയോയിൽ പറയുന്നു. ഇന്റർനെറ്റിനെ ആശ്രയിക്കാതെ ശബ്ദത്തിലൂടെ വീട്ടുപകരണങ്ങൾ നിയന്ത്രിക്കാമെന്ന സാധ്യതയാണ് ഈ കൗമാരക്കാരന്റെ പരീക്ഷണം മുന്നോട്ടുവെക്കുന്നത്.





