ഒന്നു പറ്റിക്കൂ, പ്ലീസ്; കോഴിക്കോട് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ ഈ മാസം പോയത് 8.5 കോടി രൂപ..
കോഴിക്കോട് ∙ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പൊലീസ് ബോധവൽക്കരണം തുടരുമ്പോഴും ജില്ലയിൽ സമൂഹ മാധ്യമങ്ങൾ വഴി ജനങ്ങൾ തട്ടിപ്പിൽ കുടുങ്ങുന്നതു തുടരുന്നു. ഈ മാസം ഇന്നലെ വരെ 20 ദിവസം കൊണ്ടു ജില്ലയിൽ 106 പേരിൽ നിന്നു 8.5 കോടിയോളം രൂപ തട്ടിപ്പു സംഘം കവർന്നു. റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 36 കേസുകളിൽ 4.10 കോടി രൂപയാണ് തട്ടിപ്പു സംഘം ഓൺലൈൻ വഴി കവർന്നത്.
സിറ്റി പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്ത 70 കേസുകളിൽ നാലരക്കോടിയോളം രൂപയാണ് കവർന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെയും സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെയും നേതൃത്വത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുന്നുണ്ട്. 25 ലക്ഷം രൂപ മുതൽ നഷ്ടപ്പെട്ട കേസുകളാണ് സൈബർ ക്രൈം പൊലീസ് കേസെടുത്തത്.
എന്നാൽ തട്ടിപ്പു വ്യാപകമായതോടെ നവംബർ ഒന്നു മുതൽ സൈബർ പൊലീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അതത് സ്റ്റേഷനുകളിൽ കേസെടുക്കാൻ തുടങ്ങി. സിറ്റി പരിധിയിൽ കൂടുതൽ തട്ടിപ്പ് കേസുകൾ നല്ലളത്തും കുറവ് പന്നിയങ്കരയിലുമാണ്. രണ്ടാഴ്ച മുൻപ് ‘സൈഹണ്ട് – 05’ ഓപ്പറേഷന്റെ ഭാഗമായി മ്യൂൾ അക്കൗണ്ട് കണ്ടെത്താൻ പരിശോധന നടത്തിയതിൽ 8 പേരെ അറസ്റ്റ് ചെയ്യുകയും 48 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.
സൈബർ തട്ടിപ്പു വ്യാപകമാകുന്ന സാഹചര്യത്തിൽ പൊലീസ് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ കോളജ്, സ്കൂൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലയിലെ ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി കമ്യൂണിറ്റി ലെഡ് ഇനിഷ്യേറ്റീവ് ഫോർ സൈബർ റിസലൈന്റ് കേരളം (ക്ലിക്) പദ്ധതി കഴിഞ്ഞ ഒന്നു മുതൽ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടികൾ തുടരുന്നുണ്ട്. കൂടാതെ സമൂഹ മാധ്യമങ്ങൾ വഴിയും പ്രചാരണം തുടരുന്നുണ്ട്.
തട്ടിപ്പിന്റെ രീതി ∙ വാട്സാപ് വഴി വരുന്ന പരസ്യങ്ങളിലെ ലിങ്കുകൾ തുറക്കുന്നതോടെ നിങ്ങളുടെ മൊബൈൽ ഫോൺ തട്ടിപ്പു സംഘത്തിനു നിയന്ത്രണത്തിലാക്കാൻ കഴിയും. ∙ സ്ക്രീൻവ്യൂവർ വഴി നിങ്ങളുടെ മൊബൈൽ ഫോൺ ഡേറ്റ പരിശോധിക്കാനും ഒടിപി ഇല്ലാതെ മൊബൈൽ ഫോണിലെ ബാങ്ക് ആപ്പിൽ പ്രവേശിക്കാനും കഴിയും. ∙ വാഹന നിയമലംഘന പിഴ, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ വായ്പാ പരസ്യം, ഓൺലൈൻ ട്രേഡിങ് എന്നീ സന്ദേശം വഴിയാണ് കൂടുതലും തട്ടിപ്പു നടക്കുന്നത്. ∙ ഫെയ്സ്ബുക് വഴി പരിചയം പുതുക്കി വാട്സാപ് നമ്പറിൽ വിഡിയോ കോൾ വഴി ബന്ധപ്പെട്ടും തട്ടിപ്പു നടക്കുന്നു.




