വയനാട് നടവയലിൽ റേഷന്‍കട ജീവനക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ
പനമരം: വയനാട് നടവയലില്‍ റേഷന്‍കട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തുപ്പരിക്കേല്പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നടവയല്‍ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആര്. ഷിജു (44)വിനെയാണ് കേണിച്ചിറ പൊലിസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലും ഇയാള്‍ നേരത്തെ പ്രതിയായിരുന്നു. എസ്.എച്ച്.ഒ കെ. സിന്‍ഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച പ്രതിയെ പിടികൂടിയത്.
നവംബര്‍ 20ന് വൈകിട്ടായിരുന്നു സംഭവം. നടവയല്‍ റേഷന്‍കടയ്ക്ക് സമീപം ഷിജുവും മറ്റൊരാളും മദ്യലഹരിയില്‍ തര്‍ക്കിക്കുന്നത് കണ്ട ജീവനക്കാരന് ഇവരോട് സ്ഥലത്തുനിന്ന് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധത്തെ തുടര്‍ന്ന് ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഷിജു മടങ്ങി.
പിന്നീട് കത്തിയുമായി തിരിച്ചെത്തിയ ഇയാള്‍ റേഷന്‍കടയുടെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരനെ തടഞ്ഞുനിര്‍ത്തി പുറത്ത് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ജീവനക്കാരന് ഒഴിഞ്ഞുമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പൊലിസ് പിടിച്ചെടുത്തു.
റേഷന്‍കട ജീവനക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റിൽ





