വണ്ടൂർ പോക്സോ കേസ്: പീഡനം മൊബൈലിൽ പകർത്തിയ 46-കാരൻ അറസ്റ്റിൽ
വണ്ടൂർ: പത്തുവയസ്സുകാരിക്ക് നേരെയുണ്ടായ പോക്സോ കേസിൽ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ 46-കാരൻ അറസ്റ്റിലായി. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫലിനെയാണ് വണ്ടൂർ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
പകർത്തിയ ദൃശ്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പത്തിരിയാൽ സ്വദേശിയായ 70-കാരൻ വിജയകുമാർ കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് സമീപത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.
വിജയകുമാറിന്റെ അയൽവാസിയായ നൗഫൽ കുട്ടിയെ ഇയാൾ കൊണ്ടുപോകുന്നത് കണ്ടിരുന്നു. തുടർന്ന് ഒളിച്ചിരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നാലെ വിജയകുമാറിനെ ഈ മാസം 11-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
അന്വേഷണത്തിനിടെ പീഡനദൃശ്യങ്ങൾ നൗഫൽ മൊബൈലിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പീഡനദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനും പീഡനവിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നതിനുമുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. പി.പി. മുഹമ്മദ് അസ്ലം, എസ്.സി.പി.ഒ. എം. ലിജേഷ്, ഉമ്മുൽ സമീമ, സാബിറ, ജാഫർ, ഡ്രൈവർ ഷഹബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





