ഒരു ലക്ഷം രൂപ മോഹിച്ച് രണ്ടാം കെട്ട്; കല്യാണപ്പന്തലിൽ ആദ്യഭാര്യയുടെ എൻട്രി
ലഖ്നൗ: ഒരു ലക്ഷം രൂപയുടെ സർക്കാർ ധനസഹായം ലക്ഷ്യമിട്ട് രണ്ടാം വിവാഹത്തിന് ഒരുങ്ങിയ യുവാവിനെതിരെ ആദ്യഭാര്യ രംഗത്തെത്തി. പരാതിയെ തുടർന്ന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഏറ്റയിൽ ആദ്യഭാര്യയുമായി വിവാഹമോചനം നേടാതെയായിരുന്നു യുവാവ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്.മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയുടെ ഭാഗമായാണ് യുവാവ് രണ്ടാം വിവാഹത്തിന് എത്തിയത്. പദ്ധതിയിലൂടെ ലഭിക്കുന്ന ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലക്ഷ്യമിട്ടായിരുന്നു നീക്കമെന്ന് ആദ്യ ഭാര്യ സോണി ആരോപിച്ചു. വിവരം അറിഞ്ഞ സോണി വിവാഹവേദിയിലെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു. 2021 നവംബർ 14നാണ് സോണിയും ആകാശും വിവാഹിതരായത്. അഞ്ച് വർഷമായി ഇരുവരും വിവാഹബന്ധത്തിലാണെന്നും ആകാശ് പെയിന്റിങ് തൊഴിലാളിയാണെന്നും സോണി പറഞ്ഞു. വിവാഹശേഷം ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും ഇവർ ആരോപിച്ചു.ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇതുവരെ വിവാഹമോചനം നേടിയിട്ടില്ല. ഇതിനിടെയാണ് ആകാശ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്ന വിവരം സോണി അറിയുന്നത്.തുടർന്ന് വിവാഹച്ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിയ സോണി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് വിവാഹം തടയുകയും ആകാശിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിവാഹവേദിയിൽ സംഘർഷാവസ്ഥയുണ്ടായി.വിവാഹിതനായ ഒരാൾ വീണ്ടും വിവാഹം കഴിക്കാൻ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ആകാശിനെ അറസ്റ്റ് ചെയ്തതായും തുടർനിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.





