മകളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി; നടുക്കുന്ന സംഭവം കൊല്ലത്ത്
പത്തനാപുരം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. പട്ടാഴി പന്തപ്ലാവ് മുരുകൻ കോവിലിനു സമീപം ക്രിസ്റ്റി ഭവനിൽ ബിനു (48), ഭാര്യ ക്രിസ്റ്റി (38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. സംശയത്തിന്റെ പേരിൽ ബിനു ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ക്രിസ്റ്റി ഇയാൾക്കെതിരെ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒത്തുതീർപ്പിന്റെ ഭാഗമായി ഇരുവരെയും ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസ് നിർദേശപ്രകാരം ക്രിസ്റ്റി കലയപുരത്തെ സ്വന്തം വീട്ടിലേക്ക് പോയി.ഞായറാഴ്ച വൈകീട്ട് അഞ്ചോടെ വസ്ത്രം എടുക്കുന്നതിനായി ക്രിസ്റ്റി മകൾ ബിറ്റിക്കൊപ്പം പന്തപ്ലാവിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രകോപിതനായ ബിനു വെട്ടുകത്തി ഉപയോഗിച്ച് ക്രിസ്റ്റിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അമ്മയെ വെട്ടുന്നത് കണ്ട മകൾ നിലവിളിച്ച് ഓടുകയായിരുന്നു. ബിറ്റി പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചതിനെ തുടർന്നാണ് നാടിനെ നടുക്കിയ വിവരം പുറംലോകം അറിഞ്ഞത്. നാട്ടുകാർ എത്തിയപ്പോഴേക്കും ബിനുവും അടുക്കളയിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ക്രിസ്റ്റിയുടെ മൃതദേഹം ഹാളിൽ കിടക്കുന്ന നിലയിയായിരുന്നു. നെഞ്ചിനും, തലക്കും, കഴുത്തിനും വേട്ടേറ്റ് രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫ്, കുന്നിക്കോട് എസ്.എച്ച്.ഒ ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷ തൊഴിലാളിയാണ് ബിനു. ക്രിസ്റ്റി കലയപുരത്തെ സ്വകാര്യ സ്കൂളിലെ ജീവനക്കാരിയാണ്. മക്കൾ: ബിറ്റി, വിപിൻ.





