70 വർഷം പഴക്കമുള്ള ഗണിതപ്രശ്നത്തിന്റെ കുരുക്കഴിച്ചു; ടൈം100 പട്ടികയിൽ നീന ഗുപ്ത
കൊൽക്കത്ത: ഗണിതശാസ്ത്രത്തിലെ സങ്കീർണമായൊരു പ്രശ്നത്തിൽ പുതിയ കണ്ടെത്തൽ നടത്തിയ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞ നീന ഗുപ്തക്ക് രാജ്യാന്തര അംഗീകാരം. ടൈം മാഗസിന്റെ 2026ലെ ടൈം100 നെക്സ്റ്റ് ഇന്ത്യ പട്ടികയിൽ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫസറായ നീന ഇടംനേടിയത്. ഗണിതശാസ്ത്ര ഗവേഷണത്തിലെ മികവാണ് ഈ അംഗീകാരത്തിന് പിന്നിൽ. 1949ൽ അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ഓസ്കർ സാരിസ്കി മുന്നോട്ടുവെച്ച ഗണിതപ്രശ്നവുമായി ബന്ധപ്പെട്ട ഗവേഷണത്തിലൂടെയാണ് നീന ശ്രദ്ധ നേടിയത്. 2014ൽ ഈ പ്രശ്നത്തിന്റെ ഒരു രൂപത്തിന് എതിരായ ഉദാഹരണം കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. ബീജഗണിത ജ്യാമിതി എന്ന ഗണിതശാഖയിലെ പ്രധാനപ്പെട്ട കണ്ടെത്തലായിരുന്നു ഇത്. ഒരു അധിക മാനം ചേർത്താൽ രണ്ട് ഗണിതഘടനകൾ ഒരുപോലെയാകാം. എന്നാൽ അതുകൊണ്ട് അവ തുടക്കത്തിലും ഒരുപോലെയായിരുന്നുവെന്ന് ഉറപ്പിക്കാനാവില്ലെന്നതാണ് ഈ പ്രശ്നത്തിന്റെ അടിസ്ഥാനം. പ്രത്യേക ഗണിതസാഹചര്യത്തിൽ ഇതിന് എതിരായ ഉദാഹരണം കണ്ടെത്തിയാണ് നീന തന്റെ കണ്ടെത്തൽ അവതരിപ്പിച്ചത്. ഗണിതശാസ്ത്രജ്ഞൻ തകനോരി അസാനുമ വികസിപ്പിച്ച ത്രിമാന ഗണിതഘടനയാണ് ഇതിനായി ഉപയോഗിച്ചത്. ഗവേഷണ മികവിന് 2019ൽ ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരവും 2024ൽ ഇൻഫോസിസ് പുരസ്കാരവും നീനക്ക് ലഭിച്ചു. വനിതാ ഗണിതശാസ്ത്രജ്ഞരുടെ സംഭാവനകളെ ആദരിക്കുന്ന അമേരിക്കൻ മാത്തമാറ്റിക്കൽ സൊസൈറ്റിയുടെ എമ്മി നോയ്തർ പ്രഭാഷണത്തിന് 2025ൽ അവർ തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമബംഗാളിൽ ജനിച്ച നീനക്ക് ചെറുപ്പംമുതൽ ഗണിതത്തോട് പ്രത്യേക താൽപര്യമായിരുന്നു. 2006ൽ ബേഥൂൺ കോളജിൽനിന്ന് ഗണിതത്തിൽ ബിരുദം നേടിയ നീന 2008ൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര പഠനത്തിന് ചേർന്നു. 2011ൽ ഇതേ സ്ഥാപനത്തിൽനിന്ന് പ്രഫ. അമർത്യ കുമാർ ദത്തയുടെ മേൽനോട്ടത്തിൽ ഗവേഷണബിരുദവും നേടി. ഒരു വിഷയത്തോട് താൽപര്യമുണ്ടെങ്കിൽ അതിന്റെ അടിസ്ഥാന കാര്യങ്ങളിൽനിന്നുതന്നെ പഠനം തുടങ്ങണമെന്നാണ് 2024ലെ ഇൻഫോസിസ് പുരസ്കാരത്തിന് പിന്നാലെ ഗവേഷകരോട് നീന പറഞ്ഞത്. ശാസ്ത്രം, കല, ബിസിനസ്, കായികം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്ന ഇന്ത്യൻ പ്രതിഭകളെയാണ് ടൈം100 നെക്സ്റ്റ് ഇന്ത്യ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.





