ലോക’ വിജയിച്ചതുകൊണ്ട് ഇനി എല്ലാവരും സൂപ്പർഹീറോ സിനിമകൾ ചെയ്യാനുള്ള സാധ്യത കൂടുതലാണ്, അത് നല്ല കാര്യമല്ല : ജീത്തു ജോസഫ്

‘
കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ‘ലോക’ എന്ന സൂപ്പർഹീറോ ഫാന്റസി ചിത്രമാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചാവിഷയം. തന്റെ വരാനിരിക്കുന്ന ചിത്രമായ ‘മിറാഷ് ‘ന്റെ പ്രമോഷണൽ പരിപാടിയിൽ സംവിധായകൻ ജീത്തു ജോസഫ് ലോകയുമായി ബന്ധപ്പെട്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ഒരു സിനിമ വ്യവസായത്തിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള സിനിമകൾ ഉണ്ടാകണം. ഒരു വിഭാഗത്തിലെ ഒരു സിനിമ സൂപ്പർഹിറ്റാകുമ്പോൾ എല്ലാവരും അതേപോലെ ചെയ്യാൻ ചാടിവീഴുക എന്നതാണ് സാധാരണയായി സംഭവിക്കുന്നത്. ‘ലോക’യുടെ വിജയത്തോടെ ഇനിയിപ്പോൾ എല്ലാവരും സൂപ്പർഹീറോ സിനിമകൾ ചെയ്യാൻ തുടങ്ങാനുള്ള സാധ്യത കൂടുതലാണ്. അത് ശരിയായ കാര്യമല്ല’ എന്നാണ് ജീത്തു പറഞ്ഞത്. ‘ലോക’ ഇതിനകം വിജയിച്ചു കഴിഞ്ഞു. ഇനി പുതിയ വിഭാഗങ്ങളിൽ പരീക്ഷണം നടത്തി അവയെ വിജയിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി എന്നാണ് അദ്ദേഹം പറയുന്നത്.
സിനിമകളെ പുരുഷന്മാരുടെയോ സ്ത്രീകളുടെയോ കഥകളായി തരംതിരിക്കേണ്ടതുണ്ട് എന്ന ധാരണയെയും അദ്ദേഹം തള്ളിക്കളഞ്ഞു. സിനിമയിൽ അത്തരമൊരു തരംതിരിവ് പാടില്ല. പുരുഷനോ സ്ത്രീയോ ഒരു കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുകയും പ്രേക്ഷകർക്ക് അത് കണക്ട് ആവുകയും ചെയ്താൽ അത് വിജയിക്കും. ഇത് മുമ്പും, ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്, ഭാവിയിലും ഇത് തുടരും. ‘ലോക’ത്തിലും സംഭവിച്ചത് അതാണ്’ അദ്ദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക് ഇത് നല്ല സമയമാണെന്നും അദ്ദേഹം പറഞ്ഞു.
