വിവാഹ മണ്ഡപത്തിൽ നിന്ന് ഗുണ്ടാത്തലവനെ പിടികൂടി പൊലീസ്; ഞെട്ടലോടെ വധുവും ബന്ധുക്കളും
ഭോപ്പാൽ: വിവാഹ ആഘോഷത്തിനിടെ ഗുണ്ടാ തലവനെ മണ്ഡപത്തിൽ നിന്ന് അറസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശിലെ ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനായ ആകാശ് നീൽകാന്ത് എന്ന ഭൂറയെയാണ് വിവാഹദിവസം അറസ്റ്റ്‌ചെയ്തത്. ബുധനാഴ്ച വൈകീട്ടായിരുന്നു ആകാശിന്റെയും സീമയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഇയാളുടെ കൂട്ടാളികളായ രാജംജി താക്കൂർ, അഭിഷേക് ഉപാധ്യായ, അഭിഷേക് മീണ, നീരജ് ഖാൻഗെ, അമിത് ഓസ്വാൾ എന്നിവരെയും പൊലീസ് പിടികൂടി. ഞെട്ടലോട് കൂടിയാണ് വധുവും ബന്ധുക്കളും സംഭവം കണ്ടുനിന്നത്. അറസ്റ്റിന് പിന്നാലെ കോ-ഇ-ഫിസ പൊലീസ് സ്റ്റേഷനിൽ എത്തി വധു തൻ്റെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ പ്രതിശ്രുത വരനെ വിട്ടയക്കണമെന്ന് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, പൊലീസ് പ്രതിയെ വിട്ടയക്കാൻ തയ്യാറായില്ല. ഇതോടെ വിവാഹം മുടങ്ങി. ഭോപ്പാലിൽ ‘ഇല്ലഗിൾ ഗാങ്’ എന്ന പേരിൽ അറിയപ്പെടുന്ന ഒരു സംഘത്തിന്റെ നേതാവാണ് ആകാശ്. ഈ സംഘത്തിൽ 50-ലധികം യുവാക്കളാണ് അംഗങ്ങളായുള്ളത്. 2018 മുതൽ ഈ സംഘം സജീവമാണ്. നീലകാന്തിനെതിരെ കൊലപാതകം ഉൾപ്പെടെ ഗുരുതരമായ 31 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2024-ൽ ബിജെപി യുവമോർച്ച നേതാവായ സുരേന്ദ്ര കുശ്‌വഹയെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. ഈ കേസിൽ 18 മാസത്തോളം ജയിലിലായിരുന്ന ആകാശ്. നാല് മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ഈദ്ഗാഹ് ഹിൽസ് പ്രദേശത്തെ ഒരു ഫ്ലാറ്റിൽ വെച്ച് 26 വയസുള്ള ഒരു പുരോഹിതനെ തട്ടിക്കൊണ്ടുപോയി 8 ലക്ഷം രൂപ ആവശ്യപ്പെട്ട് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് അറസ്റ്റ്.





