ഭരണകൂടത്തിനെതിരായി പ്രതിഷേധിച്ച മൂന്ന് പേരെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി; 19 വയസുള്ള ഗുസ്തി ചാമ്പ്യനെയടക്കം ജനക്കൂട്ടത്തിന് മുന്നിലിട്ട് ഇറാന്‍ ഭരണകൂടം തൂക്കി കൊന്നു

ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മൂന്ന് പേരെ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്. ഇറാന്‍ സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം അറിയിച്ചത്. 19 വയസ്സുള്ള ഗുസ്തിചാമ്പ്യനേയും മറ്റ് രണ്ടുപേരെയുമാണ് ഭരകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് പരസ്യമായി തൂക്കിലേറ്റിയത്. വിചാരണയില്ലാതെ മര്‍ദ്ദിച്ച് കുറ്റസമ്മതം നടത്തിയാണ് തൂക്കിലേറ്റിയതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
സലേഹ് മൊഹമ്മദി, സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെ വ്യാഴാഴ്ചയാണ് തൂക്കിലേറ്റിയത്. 2026 ജനുവരി 8ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് യുവാക്കളെ ഭരണകൂടം പരസ്യമായി തൂക്കിലേറ്റിയത്. ഖോമില്‍ ജനക്കൂട്ടത്തിന്റെ മുന്നില്‍വെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.
2025 ഡിസംബറിന്റെ അവസാനത്തോടെ തുടങ്ങി 2026 ജനുവരി വരെ നീണ്ടുനിന്ന രാജ്യവ്യാപകമായ പ്രതിഷേധത്തില്‍ വെടിവെച്ചും സംഘര്‍ഷത്തിലും നിരവധി പേര്‍ ഇറാനിലെ മതപൊലീസിനാല്‍ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും പ്രതിഷേധവുമായി ബന്ധപ്പെട്ട് പരസ്യമായി തൂക്കിലേറ്റപ്പെട്ട ആദ്യത്തെ സംഭവമാണിത്. ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (IHRNGO) ഈ വിഷയത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തുകയും കൂടുതല്‍ വധശിക്ഷകള്‍ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിഷേധക്കാര്‍ക്ക് ശരിയായ വിചാരണ നടന്നിട്ടില്ലെന്നും പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും നേടിയെടുത്ത കുറ്റസമ്മതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധിയെന്നും ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘം പറയുന്നു.
ഞങ്ങള്‍ ഈ വധശിക്ഷകളെ നിയമവിരുദ്ധമായ കൊലപാതകങ്ങളായി കണക്കാക്കുന്നു, രാഷ്ട്രീയ എതിര്‍പ്പിനെ അടിച്ചമര്‍ത്താന്‍ ഭയം സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇത് നടപ്പിലാക്കിയത്, അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണം.

അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പീഡനത്തിന് വിധേയനാക്കിയാണ് മൂവരേയും കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിതനാക്കിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇറാനില്‍ ഇത് വധശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. 2020 ല്‍ ഇറാനിയന്‍ ഗുസ്തിക്കാരനായ നവിദ് അഫ്കാരിയെ തൂക്കിലേറ്റിയ സംഭവം ഈ കേസിന് സമാനമാണെന്നും അന്ന് ആഗോളതലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതായും ഇറാനിയന്‍ കായികതാരവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ നിമ ഫാര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button